ഐഎൻഎസ് ഡൽഹിയിലെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറിൽ നിന്ന് ഇന്ത്യയുടെ  ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 

ദില്ലി: ഐഎൻഎസ് ഡൽഹിയിലെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറിൽ നിന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഐഎൻഎസ് ഡൽഹിയിൽ നവീകരിച്ച മോഡുലാർ ലോഞ്ചർ ഉപയോഗിച്ചാണ് മിസൈലിന്റെ ആന്റി-ഷിപ്പ് വേരിയന്റിന്റെ പരീക്ഷണം നടത്തിയത്. 

ഐഎൻഎസ് ഡൽഹിയിലെ നവീകരിച്ച മോഡുലാർ ലോഞ്ചറിൽ നിന്ന് ബ്രഹ്മോസിന്റെ വിജയകരമായ ലോഞ്ചിങ് നടന്നു. സംയോജിത നെറ്റ്‌വർക്കിന്റെ കേന്ദ്രീകൃത പ്രവർത്തന ശേഷിക്കൊപ്പം, ഫ്രണ്ട്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ബ്രഹ്മോസിന്റെ ദീർഘദൂര ആക്രമണ ശേഷിയും ഒരിക്കൽ കൂടി പ്രകടമാക്കുന്നതായിരുന്നു പരീക്ഷണം എന്ന് ഇന്ത്യൻ നേവി ട്വീറ്റ് ചെയ്തു.

Scroll to load tweet…

വാർഹെഡ് ഇല്ലാതെ 3,000 കിലോമീറ്റർ വേഗതയിൽ വിക്ഷേപിച്ച മിസൈൽ, ഉപേക്ഷിക്കപ്പെട്ട കപ്പലിൽ തുളയിട്ടതായി ബുധനാഴ്ച ബ്രഹ്മോസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കിഴക്കൻ കടൽത്തീരത്ത് ഇന്ത്യൻ വ്യോമസേനയും ഇതേ കപ്പലിലേക്ക് സുഖോയ് യുദ്ധവിമാനം ഉപയോഗിച്ച് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. വളരെ കൃത്യതയോടെയാണ് മിസൈൽ ലക്ഷ്യത്തിലെത്തിയത്. യുദ്ധമുനയുള്ള മിസൈൽ നേരിട്ട് പതിച്ചതിനെ തുടർന്ന് കപ്പൽ മുങ്ങുകയും ചെയ്തു.

Scroll to load tweet…

2016-ൽ നാൽപതിലധികം സുഖോയ് യുദ്ധവിമാനങ്ങളുമായി ബ്രഹ്മോസിന്റെ എയർ-ലോഞ്ച് വേരിയന്റ് സംയോജിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കടലിലോ കരയിലോ ഉള്ള ഏത് ലക്ഷ്യത്തിലും വലിയ സ്റ്റാൻഡ്-ഓഫ് റേഞ്ചുകളിൽ നിന്ന് ആക്രമണം നടത്താനുള്ള എയർഫോഴ്സിന്റെ കഴിവ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. മാർച്ച് അഞ്ചിനായിരുന്നു ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്ന് ഇന്ത്യൻ നാവികസേന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചത്.

കര, വായു, കപ്പൽ, മുങ്ങിക്കപ്പൽ എന്നിവിടങ്ങളിൽ നിന്നു വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ബ്രഹ്മോസിന്റെ ഫ്ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 200 മുതൽ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാൻ ബ്രഹ്മോസിനു കഴിയും. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ൽ ഐഎൻഎസ് രജപുതിൽ നിന്ന്. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.