മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് മുകളില്‍ ഭീഷണി. മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ മഹാരാഷ്ട്ര തയ്യാറാകും എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറി ലഭിക്കുന്ന തുക കര്‍ഷകര്‍ക്ക് നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

പദ്ധതിയുമായി മുന്നോട്ടുപോകുന്നുവെങ്കില്‍ ഇതിന്‍റെ മുഴുവന്‍ ചിലവും കേന്ദ്രം തന്നെ വഹിക്കേണ്ടി വരും.  കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാനുള്ള പദ്ധതികള്‍ അടക്കം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ പരിഗണനയിലുണ്ടെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡിടിവിയോട് പറഞ്ഞു. 

500 കോടിയോളമാണ് ഈ പദ്ധതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുടക്കാന്‍ ഇരിക്കുന്നത്. ഇത് വഹിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ഇത്രയും തുക മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കാനാണ് ആഗ്രഹിക്കുന്നത് ഒരു എന്‍സിപി നേതാവ് വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.  

പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് 2017 സെപ്റ്റംബറിലാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്കായി ജപ്പാന്‍ 88000 കോടി രൂപ 0.1 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാനായിരുന്നു ധാരണയായത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കാനുമായിരുന്നു ധാരണ.

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 350 കിലോമീറ്ററിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷനാണ് ഇതിന്‍റെ നിര്‍മ്മാണ ചുമതല. ഇതിനായി ഇതുവരെ 48 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. ഒപ്പം അനുബന്ധ ജോലികളുടെ ടെണ്ടറുകള്‍ പുരോഗമിക്കുകയാണ്.