ദില്ലി: അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്എൻ ശുക്ലയ്ക്കെതിരെ അഴിമതി കുറ്റത്തിന് സിബിഐ കേസെടുത്തു. എംബിബിഎസ് പ്രവേശനാനുമതി കിട്ടാൻ സ്വകാര്യ മെഡിക്കൽ കോളേജിന് വേണ്ടി വഴിവിട്ട ഇടപെടൽ നടത്തിയെന്ന പരാതിയിലാണ് സിബിഐ നടപടി. ലക്നൗവിലെ ജിസിആർജി മെഡിക്കൽ കോളേജിൽ 2017-18 വർഷത്തിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയിൽ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എൻ ശുക്ലക്കെതിരെയുള്ള പരാതി. 

പരാതി അന്വേഷിച്ച സിബിഐ  ജസ്റ്റിസ് എസ് എൻ ശുക്ലയുടെ ലക്നൗവിലെ വസതിയിലും, മറ്റ് പ്രതികളുടെ മീററ്റിലെയും, ദില്ലിയിലെയും വീടുകളിലും  റെയ്ഡ് നടത്തി. റെയ്ഡിൽ കിട്ടിയ രേഖകളുടെ  അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ കേസെടുത്തത്.  ശുക്ലയ്ക്ക് പുറമെ ഛത്തീസ്ഗഡ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ഐഎം ഖുദ്ദുസി ഉൾപ്പടെ ഏഴ് പേർക്കെതിരെ സിബിഐ കേസെടുത്തു. ജസ്റ്റിസ് ശുക്ല കൂടി ഉൾപ്പെട്ട ബെഞ്ചിന്‍റെ വിധി മെഡിക്കൽ കോളേജിന് അനുകൂലമായി മാറ്റിയെഴുതിയെന്നായിരുന്നു പരാതി.  

അലഹബാദ് ഹൈക്കോടതിയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിലും ശുക്ല കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ജസ്റ്റിസ് ശുക്ല നീതിന്യായ വ്യവസ്ഥക്ക് ദുഷ്പേര് വരുത്തിയെന്നും, ഹൈക്കോടതിയുടെ  അന്തസ്സിനും വിശ്യാസ്യതയ്ക്കും കോട്ടം വരുത്തിയെന്നും ആഭ്യന്തര സമിതി അംഗങ്ങൾ വിമർശിച്ചു. ശുക്ലയ്ക്കെതിരെ കേസെടുക്കാൻ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേരത്തെ അനുമതി നൽകിയിരുന്നു. ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുൻ ചീഫ് ജസ്റ്റിസ് കത്ത് അയച്ചിരുന്നു. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി കുറ്റത്തിന് സിബിഐ കേസെടുക്കുന്നത്.