കൈക്കൂലിയായി നൽകിയെന്ന് പറയപ്പെടുന്ന പണം, സ്വർണം, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വിവിധയിടങ്ങളിൽ നിന്ന് സിബിഐ കണ്ടെടുത്തിട്ടുണ്ട്. 

ദില്ലി: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) പ്രൊഫസർ ഉൾപ്പെടെ നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനെയും ആറ് അംഗങ്ങളെയും സിബിഐ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ (കെഎൽഇഎഫ്) വൈസ് ചാൻസലർ ജി.പി സാരധി വർമ്മയും സ്ഥാപനത്തിലെ മറ്റ് രണ്ട് ഉദ്യോ​ഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കെഎൽഇഎഫ് പ്രസിഡൻ്റ് കോനേരു സത്യനാരായണ, നാക് മുൻ ഉപ ഉപദേഷ്ടാവ് എൽ മഞ്ജുനാഥ റാവു, ബെം​ഗളൂരു സർവകലാശാലയിലെ ഐക്യുഎസി-നാക് പ്രൊഫസറും ഡയറക്ടറുമായ എം ഹനുമന്തപ്പ, നാക് അംഗം എം.എസ് ശ്യാംസുന്ദർ എന്നിവരുടെ പേരും എഫ്ഐആറിൽ ഉണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

കെഎൽഇഎഫിന് എ++ അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി നാക് ഇൻസ്പെക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് കൈക്കൂലി നൽകിയതായി ആരോപിക്കപ്പെട്ട നിരവധി വ്യക്തികളെ സിബിഐ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടന്നത്. ഇൻസ്പെക്ഷൻ കമ്മിറ്റി അധ്യക്ഷനും രാമചന്ദ്ര ചന്ദ്രവൻശി സർവകലാശാല വൈസ് ചാൻസലറുമായ സമരേന്ദ്ര നാഥ് സാഹ, കമ്മിറ്റി അംഗങ്ങളായ രാജീവ് സിജാരിയ (ജെഎൻയു പ്രൊഫസർ), ഡി. ഗോപാൽ (ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ ഡീൻ), രാജേഷ് സിങ് പവാർ (ജാഗ്രൻ ലേക്‌സിറ്റി യൂണിവേഴ്‌സിറ്റി ഡീൻ) എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ജിഎൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെൻ്റ് ഡയറക്ടർ മാനസ് കുമാർ മിശ്ര, ദാവൻഗെരെ സർവകലാശാലയിലെ പ്രൊഫസർ ഗായത്രി ദേവരാജ്, സംബൽപൂർ സർവകലാശാലയിലെ പ്രൊഫസർ ബുലു മഹാറാണയും അറസ്റ്റിലായിട്ടുണ്ട്. 

അക്രഡിറ്റേഷനായി നാക് സംഘത്തിന് കൈക്കൂലി നൽകിയെന്നാരോപിച്ച് 20 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കൈക്കൂലിയായി നൽകിയെന്ന് പറയപ്പെടുന്ന പണം, സ്വർണം, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ, ബെംഗളൂരു, വിജയവാഡ, പലാമു, സംബാൽപൂർ, ഭോപ്പാൽ, ബിലാസ്പൂർ, ഗൗതം ബുദ്ധ നഗർ, ദില്ലി എന്നിവയുൾപ്പെടെ ഇന്ത്യയിലെ 20 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി സിബിഐ അറിയിച്ചു. ഏകദേശം 37 ലക്ഷം രൂപ പണവും ആറ് ലെനോവോ ലാപ്‌ടോപ്പുകളും ഒരു ഐഫോൺ 16 പ്രോയും ഉൾപ്പെടെ സിബിഐ പിടിച്ചെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

READ MORE: രാത്രിയിൽ വലിയ ശബ്ദം, വീട്ടുകാ‍ർ നോക്കിയപ്പോൾ ജനൽ തക‍ർക്കുന്ന കാട്ടാന; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്