Asianet News MalayalamAsianet News Malayalam

ചോദ്യത്തിന് കോഴ വിവാദം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

അദാനിക്കെതിരായ പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടിയെന്നും മഹുവ ആരോപിച്ചു.

bribery for the question MP Mahua Moitra expelled from Lok Sabha nbu
Author
First Published Dec 8, 2023, 3:18 PM IST

ദില്ലി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്‍റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.  മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. 

മഹുവ മൊയ്ത്രയെ പുറത്താക്കാൻ ലോകസഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വാദിച്ചെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചില്ല. ഏഴ് മിനിറ്റെങ്കിലും സംസാരിക്കാൻ മഹുവയെ അനുവധിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നുവെന്നാണ് സ്പീക്കര്‍ വിശദീകരിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

അതേസമയം, അദാനിക്കെതിരായ പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടിയെന്നും മഹുവ ആരോപിച്ചു. അദാനിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്. അടുത്ത 30 വര്‍ഷം പാര്‍ലമെന്‍റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. 

മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യത്തിന് കോഴ വിവാദം – നാള്‍വഴി

​2023 ഒക്ടോബര്‍ 15

ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണം വാങ്ങിയെന്ന് ബിജെപി ആരോപണം.

2023 ഒക്ടോബര്‍ 20 

പാര്‍ലമെന്‍റിലെ ഔദ്യോഗിക ഇ-മെയില്‍ പാസ്‍വേഡ് മഹുവ തനിക്കു പങ്കുവച്ചിരുന്നതായി വ്യവസായി ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് സത്യവാങ്മൂലം നല്‍കി.

2023 ഒക്ടോബര്‍ 29

പാര്‍ലമെന്‍റ് ലോഗിന്‍ വ്യവസായിക്കു കൈമാറിയിരുന്നെന്നും പക്ഷെ ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ.

2023 നവംബര്‍ 2

മഹുവ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. അതിരുവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് കമ്മിറ്റിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

2023 നവംബര്‍ 9

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios