നേരത്തെയുണ്ടായിരുന്ന പാലം പൊളിച്ചാണ് പുതിയ പാല നിർമാണം തുടങ്ങിയത്. ആദ്യമുണ്ടായിരുന്ന പാലം മഴക്കാലക്ക് മുങ്ങിപ്പോകുന്നതിനെ തുടർന്നാണ് പുതിയ പാലം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടത്.

അഹമ്മദാബാദ്: ബിഹാറിന് പിന്നാലെ ​ഗുജറാത്തിലും നിർമാണത്തിലിരിക്കുന്ന കൂറ്റൻ പാലം തകർന്നുവീണു. തപി ജില്ലയിലെ മിന്ദോള നദിക്ക് കുറുകെ നിർമിക്കുന്ന പാലമാണ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകർന്നുവീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മെയ്പൂർ-​ദെ​ഗാമ ​ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മധ്യഭാ​ഗമാണ് നദിയിലേക്ക് തകർന്നുവീണത്. പാലത്തിലൂടെ ​ഗതാ​ഗതം തുടങ്ങിയിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും തപി ജില്ലാ കലക്ടർ വിപിൻ ​ഗാർ​ഗ് പറഞ്ഞു.

നിർമാണത്തിനുപയോ​ഗിച്ച അസംസ്കൃത വസ്തുക്കളുടെ ​ഗുണനിലവാരത്തെക്കുറിച്ചടക്കം വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയുണ്ടായിരുന്ന പാലം പൊളിച്ചാണ് പുതിയ പാല നിർമാണം തുടങ്ങിയത്. ആദ്യമുണ്ടായിരുന്ന പാലം മഴക്കാലക്ക് മുങ്ങിപ്പോകുന്നതിനെ തുടർന്നാണ് പുതിയ പാലം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടത്. 2021ലാണ് പുതിയ പാല നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കാനിരിക്കെയാണ് തകർന്നുവീണത്. 

Read More... ചീട്ടുകൊട്ടാരം പോലെ തകർന്നുവീണത് 1717 കോടിയുടെ പാലം, തകരുന്നത് രണ്ടാം തവണ, ഇത് ബിഹാറിലെ പ‍ഞ്ചവടിപ്പാലമോ

ജൂണ്‍ മൂന്നിനാണ് ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണത്. ഭാഗല്‍പൂരിലെ അഗുവാനി - സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു.1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുകയായിരുന്ന പാലമാണ് തകർന്നത്. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്‍റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ബിഹാര്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ബിഹാര്‍ സര്‍ക്കാറിന്‍റെ ജംഗിള്‍ രാജിന്‍റെയും അഴിമതിയുടെയും ഉദാഹരണമാണ് പാലം തകര്‍ച്ചയെന്ന് ബിജെപി പ്രതികരിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതികരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.