2015-ലെ അഖ്ലാഖ് വധക്കേസിലെ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വൃന്ദാ കാരാട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി.
ദില്ലി: 2015-ൽ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. കുറ്റം ഒഴിവാക്കാനുള്ള യുപി സർക്കാരിന്റെ നീക്കത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സർക്കാറിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഗവർണർ പ്രതികൾക്കനുകൂലമായി ഇടപെട്ടെന്നും വൃന്ദ ആരോപിച്ചു.
പ്രധാന സാക്ഷി തെളിവ് നൽകിയിട്ടും നീതിന്യായ പ്രക്രിയകളെ അട്ടിമറിക്കാനും മുഴുവൻ കേസ് പിൻവലിക്കാനുമുള്ള നിയമവിരുദ്ധവും അന്യായവുമായ ശ്രമവുമായി മുന്നോട്ട് പോകാൻ ഗവർണർ യുപി സർക്കാരിന് രേഖാമൂലം അനുമതി നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഗവർണറുടെ അനുമതിയോടെ കേസ് പിൻവലിക്കാൻ സർക്കാർ ഗ്രേറ്റർ നോയിഡ ജില്ലാ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ഇടപെടണമെന്നും വൃന്ദാകാരാട്ട് അഭ്യർഥിച്ചു.
2015 സെപ്റ്റംബർ 28 ന്, ഉത്തർപ്രദേശിലെ ബിസഹാദ സ്വദേശിയായ അഖ്‌ലാഖ് പശുവിനെ അറുത്തതായി വിവരം പ്രചരിച്ചതിനെ തുടർന്ന് ജനക്കൂട്ടം വീടിന് പുറത്ത് തടിച്ചുകൂടുകയും അഖ്‌ലാഖിനെയും മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് അഖ്ലാഖ് കൊല്ലപ്പെട്ടു. മകൻ ഡാനിഷ് പൂർണമായി സുഖം പ്രാപിച്ചിട്ടില്ല, അദ്ദേഹത്തിന് ഏൽപ്പിച്ച ഗുരുതരമായ മുറിവുകളുടെ ആഘാതം ഇപ്പോഴുമുണ്ടെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു. ഇരയുടെ മകൾ തെളിവ് നൽകുകയും എല്ലാ പ്രതികളുടെയും പേര് പറയുകയും തിരിച്ചറിയുകയും ചെയ്തുവെന്നും അവർ കത്തിൽ വ്യക്തമാക്കി.
പ്രതിക്കെതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് പുരോഗമിക്കുകയാണ്, മറ്റ് രണ്ട് നേരിട്ടുള്ള സാക്ഷികൾ അവരുടെ മൊഴികൾ നൽകേണ്ടതുണ്ട്. ഇത്തരമൊരു സമയത്ത്, യുപി സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചത് തികച്ചും ന്യായീകരിക്കാനാവാത്ത കാരണങ്ങളാലാണ്. ആക്രമണത്തിന് തോക്കുകളല്ല, ലാത്തികളാണ് ഉപയോഗിച്ചതെന്നും ഇരയുമായി വ്യക്തിപരമായ ശത്രുത ഉണ്ടായിരുന്നില്ലെന്നും കേസ് തുടരുന്നത് സാമുദായിക അനൈക്യത്തിന് കാരണമാകുമെന്നാണ് സർക്കാറിന്റെ ന്യായീകരണമെന്നും കത്തിൽ പറയുന്നു. സാക്ഷികൾക്ക് ഹാജരാകാൻ നോട്ടീസ് നൽകാതെ പ്രോസിക്യൂഷൻ കേസ് വൈകിപ്പിക്കുകയാണെന്നും ആരോപിച്ചു.
