ലെസ്റ്റര്‍: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അക്രമം വര്‍ധിക്കുകയാണെന്ന് ബ്രിട്ടീഷ് ഷാഡോ സെക്രട്ടറി. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്നും ലെസ്റ്റര്‍ സൗത്ത് എംപിയായ ജോനാഥന്‍ ആഷ്‍വര്‍ത്ത് സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ എംപിയാണ് ജോനാഥന്‍.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. തന്‍റെ മണ്ഡലത്തില്‍ ഏറെ ഇന്ത്യന്‍ വംശജരുണ്ട്. മണ്ഡലത്തിലെ മുസ്ലിം വിശ്വാസികളാണ് ഈ അക്രമങ്ങളെ കുറിച്ച് തന്നെ അറിയിച്ചതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും അയച്ച കത്തില്‍ ജോനാഥന്‍ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തന്‍റെ മണ്ഡലത്തിലെ മുസ്ലിം വിശ്വാസികളുമായി സംസാരിച്ച ശേഷമാണ് ജോനാഥന്‍ കത്ത് എഴുതിയത്. വിവേചനവും, കലാപവും, മതം പറഞ്ഞുള്ള കൊലപാതകങ്ങളും ഇന്ത്യയില്‍ കൂടി വരികയാണ്. സ്വന്തം വിശ്വാസത്തില്‍ ഊന്നി ജീവിക്കാന്‍ പോകുമാകാത്ത സ്ഥിതിയാണ് ഇന്ത്യയില്‍.

അവിടുത്ത സര്‍ക്കാര്‍ അക്രമങ്ങള്‍ നടത്താന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് മണ്ഡലത്തിലുള്ളവര്‍ തന്നോട് പറഞ്ഞതെന്നും ജോനാഥന്‍റെ കത്തില്‍ പറയുന്നു. 2011 മുതല്‍ ലെസ്റ്റര്‍ സൗത്തില്‍ നിന്നുള്ള എംപിയാണ് ജോനാഥന്‍.