പിത്തോരഗര്‍: ഉത്തരാഖണ്ഡില്‍ ഇന്ത്യ ചൈന അതിര്‍ത്തിക്ക് സമീപം മുന്‍സ്യാരി മിലം റോഡിലെ  നിര്‍ണായക പാലം അഞ്ച് ദിവസം കൊണ്ട് നിര്‍മ്മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍. ജൂണ്‍ 22 ന് തകര്‍ന്ന റോഡാണ് വെറും അഞ്ച് ദിവസം കൊണ്ട് പുനര്‍ നിര്‍മ്മിച്ചത്. റെക്കോര്‍ഡ് വേഗതയിലാണ് പാലം പണി പൂര്‍ത്തിയായതെന്ന്  ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ വിശദമാക്കുന്നു. ഈ പാതയിലൂടെയുള്ള ഗതാഗതം ശനിയാഴ്ചയോടെ പുനസ്ഥാപിച്ചിരുന്നു.

തന്ത്രപ്രധാനമായ മേഖലയിലുള്ള റോഡിലെ പാലമായതിനാല്‍ പുനര്‍നിര്‍മ്മാണത്തിന് പ്രഥമ പരിഗണന നല്‍കുകയായിരുന്നുവെന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. സാധാരണ ഗതിയില്‍ ഒരുമാസത്തോളം സമയമെടുക്കുന്ന പാലം നിര്‍മ്മാണമാണ് അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ജൂണ്‍ 22 പാലത്തിലൂടെ മണ്ണ് മാന്തി കടന്നുപോയപ്പോഴായിരുന്നു പാലം തകര്‍ന്നത്. 

110 അടി നീളമുള്ള പാലത്തിലൂടെ 30 ടണ്‍ ഭാരം വരെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയിലാണ് പുനര്‍നിര്‍മ്മിച്ചിട്ടുള്ളത്. ആര്‍മി, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങള്ക്ക് ഹിമാലയന്‍ മേഖലയിലെ പോസ്റ്റുകളിലേക്കുള്ള യാത്ര എളുപ്പത്തിലാക്കാനായിരുന്നു 64 കിലോമീറ്റര്‍ നീളമുള്ള മുന്‍സ്യാരി മിലം റോഡ് നിര്‍മ്മിച്ചത്