ദില്ലി: 22 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ അമര്‍ കോളനിയിലാണ് നാല് ദിവസം തുടര്‍ച്ചയായി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ജൂണ്‍ 16 ന് കാണ്‍പൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി ദില്ലിയിലെത്തി. ഒരു ദിവസം നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ താമസിച്ച യുവതി പിറ്റേന്ന് ജോലി തേടി ലജ്പത് നഗറിലെത്തി. 

ലജ്പത് നഗറില്‍ ചായക്കട നടത്തുന്ന ആള്‍ യുവതിക്ക് വീട്ട് ജോലി നല്‍കാമെന്ന് വാക്ക് നല്‍കി. അന്ന് ചായക്കടയില്‍ ജോലി ചെയ്തു. വൈകീട്ടോടെ ചായക്കടക്കാരന്‍റെ രണ്ട് മക്കളും ചേര്‍ന്ന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും തുടര്‍ച്ചയായി നാല് ദിവസം പീഡിപ്പിക്കുകയുമായിരുന്നു. ഇരുവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഓടി രക്ഷപ്പെട്ട യുവതി അയല്‍വാസികളുടെ അടുത്ത് അഭയം തേടിയതോടെയാണ് പീഡനം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളായ ശത്രുന്ദയെയും ഭരതിനെയും അറസ്റ്റ് ചെയ്തു.