ദില്ലി: മിസോറാമിൽ നിന്നുള്ള  ബ്രൂ അഭയാർത്ഥികൾക്ക് ത്രിപുരയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന കരാറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒപ്പു വച്ചു. ത്രിപുര,മിസോറാം മുഖ്യമന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പ് വച്ചത്. കരാർ പ്രകാരം മിസോറാമില്‍ നിന്നും 1996-ല്‍ വന്ന 30,000 ബ്രൂ അഭയാർത്ഥികളെ ത്രിപുരയിൽ പാർപ്പിക്കും. 

ഇവരുടെ ക്ഷേമത്തിനായി 600 കോടി രൂപയുടെ പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചു. പാക്കേജ് അനുസരിച്ച് ഓരോ കുടുംബത്തിനും നാല് ക്ഷം രൂപ സ്ഥിര നിക്ഷേപം നൽകും. കൂടാതെ  രണ്ട് വർഷത്തേക്ക് പ്രതിമാസം അയ്യായിരം രൂപ ധനസഹായവും സൗജന്യ റേഷനും നൽകുമെന്ന് അമിത് ഷാ ദില്ലിയിൽ അറിയിച്ചു. ഇവരെയെല്ലാം ത്രിപുരയിലെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പാക്കേജിന്‍റെ ഭാഗമായി ഇവര്‍ക്ക് വാസസ്ഥലം കണ്ടെത്താനായി ത്രിപുര സര്‍ക്കാര്‍ കേന്ദ്രം ഫണ്ട് അനുവദിക്കും. പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് വച്ചു നല്‍കുമെന്ന് അമിത് ഷാ അറിയിച്ചു. 

മിസോറാമിലെ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്കിടയില്‍ 1996-ലുണ്ടായ കലാപത്തെ തുടര്‍ന്നാണ് ബ്രൂ വിഭാഗക്കാര്‍ ത്രിപുരയിലേക്ക് കുടിയേറിയത്. കഴി‌ഞ്ഞ 24 വര്‍ഷമായി ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലപ്രദമായിരുന്നില്ല.  ബ്രൂ വിഭാഗക്കാരെ മിസോറാമില്‍ പുനരധിവസിപ്പിക്കാന്‍ 2018-ല്‍ ഇരുസംസ്ഥാനങ്ങളും കരാര്‍ ഒപ്പിട്ടെങ്കിലും ആകെ 327 കുടുംബങ്ങള്‍ മാത്രമാണ് മിസോറാമിലേക്ക് പോയത്.