പ്രണയം പക്ഷികളോട്, കൈയില്‍ മൂങ്ങ, അതിര്‍ത്തികടന്നെത്തിയ പാക് പൗരന്‍ പിടിയില്‍
സംശയകരമായ സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഇയാളെ സുരക്ഷ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു

ഗാന്ധിനഗര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താന‍് പൗരന്‍ അറസ്റ്റില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി (30) ആണ് ബിഎസ്എഫിന്‍റെ പിടിയിലായത്. ഗുജറാത്തിലെ കച്ച് ജില്ലയില്‍ രാജാന്തര അതിര്‍ത്തി സമീപം ശനിയാഴ്ചയാണ് ഇയാളെ അതിര്‍ത്തി സുരക്ഷ സേന പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഇയാളെ സുരക്ഷ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. നീരിക്ഷണത്തിനിടെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം സംശയകരമായ നീക്കം ശ്രദ്ധയില്‍പ്പെട്ട ബിഎസ്എഫ് മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കച്ചിന് സമീപത്തെ ഇന്ത്യ-പാക് അതിര്‍ത്തിചാനല്‍ ഹറാമി നലക്ക് സമീപമാണ് ഇയാളെ കണ്ടെത്തിയത്.
പാക് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് ഇയാള്‍ പ്രവേശിച്ചതിനെതുടര്‍ന്നാണ് അറസ്റ്റ്. പക്ഷികളെയും ഞണ്ടുകളെയും പിടിക്കാനാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതെന്നാണ് മഹ്ബൂബ് അലി ബിഎസ്എഫിനോട് പറഞ്ഞത്. ഇയാളുടെ കൈയില്‍നിന്നും ഒരു മൂങ്ങയെയും സുരക്ഷ സേന കണ്ടെടുത്തു. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമ ന്ത്രി അമിത് ഷാ ഹറാമി നല സന്ദര്‍ശിച്ചിരുന്നു. ഇതോടൊപ്പം 1170 അതിര്‍ത്തി നിരീക്ഷണ പോസ്റ്റുകളും സന്ദര്‍ശിച്ചിരുന്നു. ഹറാമി നല മേഖലയില്‍ പുതിയ നിരീക്ഷണ പോസ്റ്റ് ടവറും അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. തീരദേശ മേഖലയില്‍നിന്ന് നേരത്തെയും അതിര്‍ത്തി കടന്നെത്തിയതിന് നിരവധി പാകിസ്താനി ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ മാസം ആദ്യം അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ പൗരന്‍ ഹൈദരാബാദില്‍ പിടിയിലായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ കാണാന്‍ നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് ഹൈദരാബാദില്‍ താമസമാക്കിയ പാകിസ്താനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശി ഫയാസ് അഹമ്മദാണ് (24) അന്ന് പിടിയിലായത്. ഹൈദരാബാദിലെ കിഷന്‍ബാഗ് സ്വദേശിനിയാണ് ഇയാളുടെ ഭാര്യ. ഷാര്‍ജയില്‍ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്.