ശ്രീനഗര്‍: ഇന്ത്യയുടേയും പാകിസ്ഥാന്‍റേയും അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടിയിലൂടെ തുരങ്കം ബിഎസ്എഫ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തി വേലികള്‍ക്ക് അടിയിലൂടെയാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാംബ മേഖലയിലാണ് 4 അടിയോളം വീതിയുള്ള തുരങ്കം പാകിസ്ഥാനില്‍ നിന്നാണ് നിര്‍മ്മിച്ചിട്ടുള്ലതെന്നാണ് ബിഎസ്എഫ് വിശദമാക്കുന്നത്.

അതിര്‍ത്തിയിലെ പരിശോധനകള്‍ക്കിടയിലാണ് തുരങ്കം കണ്ടെത്തിയത്. വിവിധ കാലങ്ങളില്‍ ഭീകരവാദികളെ രാജ്യാതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ഈ തുരങ്കം സഹായിച്ചിട്ടുണ്ടാവാമെന്ന സംശയമാണ് ബിഎസ്എഫിനുള്ളത്. ഇതോടെ നുഴഞ്ഞുകയറ്റ വിരുദ്ധ സേനയോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന് വിശദമാക്കി.

അതിര്‍ത്തി പ്രദേശങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങളുണ്ടോയെന്ന് പരിശോധന നടത്തുന്ന ബിഎസ്എഫ് സംഘമാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് 20 മീറ്ററോളം നീളമുണ്ട് ഈ തുരങ്കത്തിന്. വ്യാഴാഴ്ചയാണ് ബിഎസ്എഫ് പട്രോള്‍ സംഘം ഈ തുരങ്കം കണ്ടെത്തിയത്. മണല്‍ ബാഗുകള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു ഈ തുരങ്കത്തിന്‍റെ മുഖമുണ്ടായിരുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന് പരിഹാരം കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗമെന്ന് തോന്നുന്ന നിലയിലുണ്ടായിരുന്ന തുരങ്കം മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് തുറന്നത്. പാകിസ്ഥാനിലെ ചില ഫാക്ടറികളുടെ പേരുകള്‍ തുരങ്കത്തിന്‍റെ മുഖം മറയ്ക്കാനായി ഉപയോഗിച്ച മണല്‍ ചാക്കുകളിലുണ്ട്. പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റായ ഗുല്‍സാറില്‍ നിന്ന് വെറും 700 മീറ്റര്‍ ദൂരം മാത്രമാണ് ഈ തുരങ്കത്തിലേക്കുള്ളത്.