പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേത്ത് തീവ്രവാദികളെ കടത്തി വിടാന്‍ ഉപയോഗിക്കുന്ന തുരങ്കം അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. ഭൂമിയ്ക്കടിയിലൂടെ 150 മീറ്റര്‍ നീളമുള്ള തുരങ്കമാണ് ശനിയാഴ്ച കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണ് ഇത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയിലുള്ള തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. 

അതിര്‍ത്തി പോസ്റ്റ് നമ്പര്‍ 14നും 15നും അടുത്തായി കത്വ ജില്ലയിലെ പന്‍സാറിലെ ബിഎസ്എഫ് ഔട്ട് പോസ്റ്റിന് സമീപമാണ്30 അടി ആഴത്തില്‍ തീര്‍ത്ത ടണല്‍ കണ്ടെത്തിയതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുരങ്കത്തിന്‍റെ രണ്ടാമത്തെ ഭാഗം പാക് അതിര്‍ത്തിയിലെ ഷാകര്‍ഗായിലെ അഭിയാല്‍ ഡോഗ്ര കിംഗ്രേ ജേ കോത്തേ  പോസ്റ്റുകള്‍ക്ക് സമീപത്താണെന്നാണ് നിഗമനം. ജയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ പരിശീലന ഇടമെന്ന നിലയില്‍ ഏറെ കുപ്രസിദ്ധമാണ്  ഷാകര്‍ഗാ. 2016ലെ പത്താന്‍കോട്ട് എയര്‍ബേസ് ആക്രമണത്തിനും നവംബര്‍ 19ന് ജമ്മുവില്‍ നടന്ന നഗ്രോട്ട ഏറ്റുമുട്ടലിനും നേതൃത്വം നല്‍കിയെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിശദമാക്കുന്ന ജയ്ഷെ ഭീകരന്‍ കമാണ്ടര്‍ കാസിം ജാന്‍റെ നേതൃത്വത്തിലാണ് ഈ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലേക്ക് ജയ്ഷെ ഭീകരരെ എത്തിക്കുന്നവരില്‍ പ്രധാനി കൂടിയാണ് കാസിം ജാന്‍. 

ശനിയാഴ്ച കണ്ടെത്തിയ തുരങ്കത്തിന് കുറഞ്ഞപക്ഷം ആറുമുതല്‍ എട്ട് വര്‍ഷം വരെ പഴക്കമുണ്ടാവുമെന്നാണ് ബിഎസ്എഫ് വിശദമാക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് വലിയ രീതിയില്‍ ഈ തുരങ്കം ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് ബിഎസ്എഫ് വിശദമാക്കുന്നത്. ഈ തുരങ്കം കണ്ടെത്തിയ മേഖലയിലേക്ക് പാക് ഔട്ട് പോസ്റ്റുകളില്‍ നിന്ന് വെടിവയ്പ് സജീവമായിരുന്നതായി ബിഎസ്എഫ് വിശദമാക്കിയതായാണ് റിപ്പോര്‍ട്ട്. 2019 ജനുവരിയില്‍ ബിഎസ്എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വിനയ് പ്രസാദ് സ്നൈപറിന്‍റെ വെടിയേറ്റ് മരിച്ചതും ഈ മേഖലയില്‍ വച്ചായിരുന്നു. നിയന്ത്രണ രേഖ മുറിച്ച് കടക്കല്‍ അസാധ്യമാകുമ്പോള്‍ തീവ്രവാദികള്‍ ഇത്തരം ടണലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. നഗ്രോട്ടാ ഏറ്റുമുട്ടലിന് ശേഷം ഇത്തരം ടണലുകള്‍ കണ്ടെത്താനുള്ള പ്രത്യേക തെരച്ചിലുകള്‍ ബിഎസ്എഫ് ഊര്‍ജ്ജിതമാക്കിയിരുന്നു. 

2020 -ൽ ഇതുവരെ 930 തവണ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 54 ശതമാനം അധികമാണ് എന്നാണ് ബിഎസ്എഫ് പറയുന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ സ്ഥിരം നിഴഞ്ഞുകയറൽ തന്ത്രം ഏറെ പ്രസിദ്ധമാണ്. ആദ്യം അതിർത്തിയിൽ നിയുക്തരായ ബിഎസ്എഫ് സൈനികർക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കും. അതിനു ശേഷം, ഇങ്ങനെ ഒരു വെടിവെപ്പിനെ പ്രതിരോധിക്കുന്നതിൽ ബിഎസ്എഫ് സൈനികർ വ്യാപൃതരായിരിക്കുന്ന, അവരുടെ ശ്രദ്ധ തിരിയുന്ന നേരം നോക്കി തീവ്രവാദികളെ അതിർത്തിക്ക് കുറുകെ കയറ്റി വിടും. ഇതായിരുന്നു പാക് സൈന്യത്തിന്റെ ഇതുവരെയുള്ള പതിവ്.  

എന്നാൽ ഇക്കൊല്ലം, അതിർത്തിക്ക് കുറുകെ തീവ്രവാദികളെ കടത്തിവിടാൻ വേണ്ടി മാത്രമല്ല, തങ്ങൾ തുരങ്കം നിർമിച്ചു കൊണ്ടിരിക്കുന്ന ഇടങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ അകറ്റി നിർത്താനും  പാക് സൈന്യം ഈ ഷെല്ലിങ്ങും വെടിവെപ്പും ഒക്കെ മറയാക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനം പേരെ പാക് ഏജന്റുമാർ ജമ്മു കാശ്മീരിൽ നിന്ന്, പാക് അധീന കശ്മീരിലുള്ള തീവ്രവാദ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നതും സൈന്യത്തിന്റെ സംശയത്തിന് ബലം പകരുന്നുണ്ട്. 

ചിത്രത്തിന് കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്