ദില്ലി: ദില്ലി കലാപത്തിനിടെ ആക്രമികള്‍ തീവെച്ച് നശിപ്പിച്ച ബിഎസ്എഫ് ജവാന്‍റെ വീട് പുനര്‍ നിര്‍മിക്കാന്‍ സഹായവുമായി ബിഎസ്എഫ്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്‍റെ വീടാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. അനീസിന് വിവാഹ സമ്മാനമായാണ് ബിഎസ്എഫ് വീട് നിര്‍മിച്ച് നല്‍കുന്നത്. വീട് നിര്‍മാണത്തിന്‍റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ അദ്ദേഹത്തിന്‍റെ കുടുംബത്തിന് കൈമാറി. 

മുഴുവന്‍ സാമ്പത്തിക സഹായവും ബിഎസ്എഫ് ലഭ്യമാക്കും. എന്‍ജീനിയറിംഗ് സംഘം നാശനഷ്ടം കണക്കാക്കിയതിന് ശേഷമായിരിക്കും നിര്‍മാണം തുടങ്ങുക. അടുത്തമാസമായിരുന്നു അനീസിന്‍റെ വിവാഹം. എന്നാല്‍, വീട് നശിച്ചതോടെ വിവാഹവും അനിശ്ചിതത്വത്തിലായി. അനീസിനുള്ള വിവാഹ സമ്മാനമായിരിക്കും ബിഎസ്എഫ് നിര്‍മിച്ച് നല്‍കുന്ന വീടെന്ന് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്റി പറഞ്ഞു. 

കലാപം ഏറെ ബാധിച്ച വടക്കുകിഴക്കന്‍ ദില്ലിയിലെ ഖസ്ഖജൂരിയിലാണ് മുഹമ്മദ് അനീസിന്‍റെ വീട്. വീട് നശിപ്പിക്കപ്പെട്ട വിവരം അനീസ് ബിഎസ്എഫിനെ അറിയിച്ചിരുന്നില്ല. മാധ്യമവാര്‍ത്തകളിലൂടെയാണ് അധികൃതര്‍ വിവരം അറിഞ്ഞത്. ഉടന്‍ നടപടിയെടുക്കുകയായിരുന്നു. ബംഗാള്‍ സിലിഗുരിയിലാണ് 29കാരനായ മുഹമ്മദ് അനീസ് ജോലി ചെയ്യുന്നത്. അനീസിന് ഉടന്‍ ദില്ലിയിലേക്ക് സ്ഥലം മാറ്റം നല്‍കുമെന്ന് ബിഎസ്എഫ് ഒരു കുടുംബം പോലെയാണെന്നും ജീവനക്കാര്‍ക്ക് സഹായം നല്‍കുമെന്നും ഡയറക്ടര്‍ പറഞ്ഞു. 

ദില്ലി കലാപം; അതിര്‍ത്തി കാക്കുന്ന ജവാന്‍റെ വീടും കലാപകാരികള്‍ തകര്‍ത്തു, തീയിട്ടു