'പ്രതികളെ വെറുതെ വിട്ട കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. പെഹ്ലുഖാന്‍റെ കുടുംബത്തിന് നീതി ലഭിക്കണം'

ലക്നൗ: കാലിക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊലപ്പെടുത്തിയ ക്ഷീര കര്‍ഷകന്‍ പെഹ്ലുഖാന്‍റെ കേസില്‍ രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായതായി ബിഎസ്‍പി നേതാവ് മായാവതി. 'പ്രതികളെ വെറുതെ വിട്ട കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. പെഹ്ലുഖാന്‍റെ കുടുംബത്തിന് നീതി ലഭിക്കണം'. രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും വലിയ വീഴ്ചുണ്ടായതായും മായാവതി കൂട്ടിച്ചേര്‍ത്തു. 

പെഹ്‍ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം. 

2017 ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന ക്ഷീര കര്‍ഷകനെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും അനുയായികളും ചേർന്ന് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 

പശുക്കളെ വണ്ടിയിൽ കയറ്റി NH-8 വഴി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു അവർ. ബഹ്റോഡ് പൊലീസിന്റെ എഫ്‌ഐആർ പ്രകാരം അൽവാർ ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗി ദളിന്റെയും പ്രവർത്തകർ ചേർന്ന് ഇവരെ തടഞ്ഞ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.