2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്രാന്‍ മസൂദ് കോണ്‍ഗ്രസിലേക്ക് തിരികെ പോകുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായിരിക്കെയാണ് ബിഎസ്പിയുടെ നടപടിയെന്നതാണ് ശ്രദ്ധേയം

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചതിന്റെ പേരിൽ യുപിയിൽ മുൻ എംഎൽഎ ഇമ്രാൻ മസൂദിനെ ബിഎസ്പി പുറത്താക്കി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന നേതാവാണ് രാഹുലെന്നായിരുന്നു ഇമ്രാന്‍ മസൂദിന്‍റെ പരാമർശം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മസൂദിനെതിരായ നടപടിയെന്ന് ബിഎസ്പി വ്യക്തമാക്കി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്രാന്‍ മസൂദ് കോണ്‍ഗ്രസിലേക്ക് തിരികെ പോകുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായിരിക്കെയാണ് ബിഎസ്പിയുടെ നടപടിയെന്നതാണ് ശ്രദ്ധേയം.

ഞായറാഴ്ചയാണ് ഇമ്രാന്‍ മസൂദ് രാഹുലിനെ പ്രശംസിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. ചൊവ്വാഴ്ചയാണ് മുന്‍ എംഎല്‍എയ്ക്കെതിരായ പാര്‍ട്ട് നടപടി വരുന്നത്. ഇമ്രാന്‍ മസൂദ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി വ്യക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് നടപടിയെന്നാണ് ബിഎസ്പി ഷഹാരന്‍പൂര്‍ ജില്ലാ പ്രസിഡന്‍റ് ജ്ഞാനേശ്വര്‍ പ്രസാദ് വ്യക്തമാക്കി. സംസ്ഥാന സമിതിയുടെ നിര്‍ദേശം അനുസരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് തീരുമാനം.

നേരത്തെ സമാനമായ പ്രവര്‍ത്തന രീതിക്ക് മസൂദിനെ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമ ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂര്‍ ജില്ലയിലെ സ്വാധീനമുള്ള മുസ്ലിം നേതാവാണ് ഇമ്രാന്‍ മസൂദ്. 2022 അസംബ്ലി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇമ്രാന്‍ മസൂദ് ബിഎസ്പിയില്‍ ചേര്‍ന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് മായാവതി ഇമ്രാന്‍ മസൂദിനെ പശ്ചിമ യുപിയിലെ കോ ഓര്‍ഡിനേറ്ററായി നിയമിച്ചത്.

ഇമ്രാന്‍ മസൂദിന്‍റെ ഭാര്യ ബിഎസ്പി സ്ഥാനാര്ത്ഥിയായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് വിജയം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സീറ്റ് ലഭിക്കില്ലെന്ന് ബിഎസ്പി വ്യക്തമാക്കിയിരുന്നെങ്കിലും സഹാറന്‍പൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഇമ്രാന്‍ മസൂദ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയെന്നും ബിഎസ്പി വക്താവ് വിശദമാക്കുന്നു. ബിഎസ്പിയിലേക്ക് ആളുകളെ എത്തിക്കാന്‍ മസൂദിന് സാധിച്ചില്ലെന്നും ബിഎസ്പി വക്താവ് വിശദമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം