ജയ്പുര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ല പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ ബിജെപിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് ചതിച്ചെന്ന് ആരോപിച്ചാണ് ബിടിപി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒന്നാണെന്നും രാജസ്ഥാന്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ബിടിപി സ്ഥാപക നേതാവ് ഛോട്ടുഭായി വസവ അറിയിച്ചു. 

ബിടിപിക്ക് രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. സച്ചിന്‍ പൈലറ്റ് വിവാദത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം ഇവര്‍ ഉറച്ച് നിന്നിരുന്നു. എന്നാല്‍ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബിടിപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാതെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഒരു വോട്ടിനാണ് ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൂര്യ അഹാരി വിജയിച്ചത്. പ്രമുഖ് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയതുമില്ല. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടാകുന്നത്.