ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിര നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. കർഷകര്‍ അവകാശത്തിനായി  പോരാടുമ്പോള്‍ പാര്‍ലമെന്‍റ്  മന്ദിരമെന്ന് പേരില്‍ നിങ്ങള്‍ കൊട്ടാരം പണിയുകയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തില്‍ അധികാരമെന്നത് ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള മാര്‍ഗമല്ല, അത് പൊതു സേവനത്തിനും പൊതു ജനക്ഷേമത്തിനുമുള്ള മാധ്യമമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ വിഭാവനം ചെയ്യുന്നതാണ് പാര്‍ലമെന്‍റ് മന്ദിരം. ഒപ്പം ഭരണഘടനയുടെയും സാമ്പത്തിക, സാമൂഹിക സമത്വത്തിന്‍റെയും പ്രതീകമാണ്.

130 കോടി ഇന്ത്യക്കാരുടെ അഭിലാഷമാണതെന്നും സുര്‍ജേവാല കുറിച്ചു. അതേസമയം, പുതിയ പാർലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യക്കായി ഇന്ത്യക്കാർ തന്നെ പാർലമെൻറ് മന്ദിരം പണിയുന്നു.

ഇന്ന് ചരിത്രപരമായ ദിനമാണെന്നും മോദി അഭിപ്രായപ്പെട്ടു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിൻറെ 75ാം വർഷത്തിൽ ഇന്ത്യയ്ക്ക് പുതിയ മന്ദിരം സമർപ്പിക്കും. എംപിയായ ശേഷം പാർലമെൻറിൽ തലതൊട്ട് വന്ദിച്ചാണ് താൻ പ്രവേശിച്ചത്. ഭരണഘടന നിർമ്മാണം ഉൾപ്പടെ എല്ലാ ചരിത്രനിമിഷങ്ങളും നിലവിലെ മന്ദിരം കണ്ടു.

എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കണം. നിലവിലെ മന്ദിരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്. പുതിയ മന്ദിരം എംപിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ഓരോ എംപിമാർക്കും അവരുടേതായ ഇടം കിട്ടും. ഇന്ത്യയിൽ ജനാധിപത്യം പരാജയപ്പെടുമെന്ന് കരുതിയവർക്ക് തെറ്റി.

ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം കൂടുന്നുണ്ട്. സംവാദം തുടരേണ്ടത് ജനാധിപത്യത്തിൽ ആവശ്യമാണ്. ഗുരു നാനക്കും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളത്. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യ യാത്രയെ ബാധിക്കരുത്. പുതിയ മന്ദിരത്തിലെ പ്രതിഷ്ഠ ജനപ്രതിനിധികളുടെ സമർപ്പണം ആയിരിക്കും. സ്വയം പര്യാപ്ത ഇന്ത്യയ്ക്കായുള്ള യാത്ര തടയാൻ ആർക്കുമാവില്ലെന്നും മോദി അഭിപ്രായപ്പെട്ടു.