ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ കലാപക്കേസിലെ പ്രതികൾ ജയിലിൽ നിന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കലാപത്തിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിം​ഗിന്റെ ഭാര്യ രജനി സിംഗ്. കുടുംബത്തിന് ഭീഷണിയുണ്ടെന്നും പുറത്തിറങ്ങിയ ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നും രജനി സിംഗ് ആവശ്യപ്പെട്ടു.

എന്നാൽ, എന്തടിസ്ഥാനത്തിലാണ് ആറുമാസത്തിനുള്ളിൽ കോടതി ഇവർക്ക് ജാമ്യം നൽകിയതെന്നും തീരുമാനം വേദനയുണ്ടാക്കുന്നതാണെന്നും രജനി സിംഗ് പറഞ്ഞു. കേസിലെ മുഖ്യപ്രതികളായ സൈനികൻ ജിത്തുവിനെയും ബിജെപി നേതാവ് ഷിഖർ അഗർവാളുൾപ്പടെ ആറുപേരെ മാലയിട്ട് സ്വീകരിച്ച നടപടിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്നും രജനി പറഞ്ഞു. അതേസമയം, പ്രതികൾക്ക് നൽകിയ സ്വീകരണത്തിൽ ബിജെപിക്ക് പങ്കില്ലെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വിശദീകരണം.

കലാപക്കേസിലെ ആറു പ്രതികളെ ഇന്നലെയാണ് സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടത്. പുറത്തിറങ്ങിയ പ്രതികൾക്ക് ബജ്രഗംദൾ പ്രവർത്തകർ വൻസ്വീകരണമാണ് നൽകിയത്. പ്രതികളെ മാലയിട്ട്, ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളോടെയാണ് സ്വീകരിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനമേഖലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനിടെയാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.

തട്ടിക്കൊണ്ടുപോയ കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‍ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്. ക്രൂരമായ രീതിയിലാണ് ആക്രമികള്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയത്.

കോടാലി ഉപയോഗിച്ച് രണ്ട് വിരലുകള്‍ വെട്ടിയെടുക്കുകയും തലയില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റിട്ടും കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്‍സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കലാപകാരികള്‍ ഇന്‍സ്പെക്ടറെ ലക്ഷ്യംവെച്ചാണ് ആക്രമണമഴിച്ചുവിട്ടതെന്ന് പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു.