ദില്ലി: രാജ്യത്തെ ഒറ്റുന്നവർക്കു നേരെ വെടിയുതിർക്കാൻ അണികളോട് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ പിന്തുണച്ച് കർണാടക മന്ത്രി സിടി രവി. 'ദേശവിരുദ്ധർക്ക് ബിരിയാണിയല്ല, വെ‍ടിയുണ്ടകളാണ് ലഭിക്കുക' എന്ന് സിടി രവി പറഞ്ഞു. രാജ്യദ്രോഹികൾക്കെതിരെയുള്ള അനുരാഗ് താക്കൂറിന്റെ പരാമർശത്തെ വിമർശിക്കുന്നവർ തീവ്രവാദികളായ അജ്മൽ കസബ്, യാക്കൂബ് മേമൻ എന്നിവരുടെ മരണത്തെ എതിർക്കുന്നവരാണ്. തുക്ടെ തുക്ടെ ​ഗ്യാങ്ങിനെ പിന്തുണയ്ക്കുന്നവരും സിഎഎയ്ക്കെതിരെ നുണപ്രചാരണം നടത്തുന്നവരുമാണ് അനുരാ​ഗ് താക്കൂറിനെതിരെ ആക്രമിക്കുന്നതെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേ "ബിരിയാണി" പരാമർശമാണ് രവി തന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരവാദികള്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി നല്‍കിയിരുന്നുവെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അവരെ തുടച്ചുനീക്കുകയാണ് ചെയ്തതെന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ പരാമർശം. ഗോരഖ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കോൺ​ഗ്രസിനെ രൂക്ഷമായിവിർശിച്ചുക്കൊണ്ടുള്ള യോ​ഗിയുടെ പ്രസ്താവന. മുംബൈ ഭീകരാക്രമണത്തിൽ പിടികൂടിയ ഭീകരവാദി അജ്മൽ കസബിന് ജയിലിൽ ബിരിയാണി വിതരണം ചെയ്തിരുന്നുവെന്ന റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയായിരുന്നു യോ​ഗി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. 

 "

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അനുരാ​ഗ് താക്കൂറിനോട് ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം 30ന് മുമ്പ് മറുപടി നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി. അനുരാ​ഗ് താക്കൂറിന്റെ പരാമർശത്തിനെതിരെ കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. 'രാജ്യത്തെ ഒറ്റുകാരെ വെടിവെക്കു' എന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ ജയിലിലടക്കണമെന്ന് രാജ്യത്തെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു.

Read More: 'ദേശത്തിന്‍റെ ഒറ്റുകാരെ വെടിവച്ച് കൊല്ലൂ', കേന്ദ്രമന്ത്രിയുടെ റാലിയിൽ മുദ്രാവാക്യം

ദില്ലി തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അനുരാ​ഗ് താക്കൂറിന്റെ ആഹ്വാനം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ വെടിയുതിർക്കൂ എന്ന് ആഹ്വാനം ചെയ്ത താക്കൂറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൾ വൈറലായിരുന്നു. അണികളെകൊണ്ട് അദ്ദേഹം മുദ്രാവാക്യം ഏറ്റു വിളിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് വോട്ടെണ്ണും. 

Read More: 'ബിജെപി ഇത്തരം വിഡ്ഢികളെയാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത്': അനുരാഗ് താക്കൂറിനെതിരെ പ്രശാന്ത് ഭൂഷണ്‍