Asianet News MalayalamAsianet News Malayalam

Bulli Bai App: മുസ്ലിം സ്ത്രീകൾക്കെതിരായി വിദ്വേഷപ്രചാരണം; ബിടെക് വിദ്യാർത്ഥി അറസ്റ്റില്‍

 ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദില്ലിയിലെ മാധ്യമ പ്രവർത്തക നല്കിയ പരാതിയിൽ ദില്ലി പൊലീസ് കേസ് എടുത്തിരുന്നു.

Bulli Bai app row 21 year old engineering student arrested in Bengaluru
Author
Delhi, First Published Jan 4, 2022, 7:25 AM IST

ദില്ലി: ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മുംബൈ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. ബെംഗളുരുവിൽ നിന്നാണ് അറസ്റ്റ്. 21 വയസുള്ള ബിടെക് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. 'സുള്ളി ഡീൽസി'നുശേഷം 'ബുള്ളി ബായ്' എന്ന  പുതിയ ആപ്പ് ( Bulli Bai App) വഴിയാണ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മുസ്ലിം വനിതകളെ   (Muslim Women) അധിക്ഷേപിക്കുന്ന പ്രചാരണം നടന്നത്.  സംഭവത്തിൽ ദില്ലിയിലെ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ദില്ലി പൊലീസ് കേസ് എടുത്തിരുന്നു.

പരിചയമില്ലാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമായിരുന്നു മാധ്യമപ്രവർത്തകയുടെ പരാതി. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും താനുൾപ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങൾ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തക പരാതിയിൽ പറയുന്നു. സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതും സ്ത്രീകളെ വർഗീയമായി ലക്ഷ്യമിടുന്നതുമായ പ്രചാരണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ശിവസേന എം പി പ്രിയങ്ക ചതുർവേദിയും രംഗത്തു വന്നിരുന്നു.

'സുള്ളി ഡീല്‍സ്' എന്ന സമാനമായ ആപ്പ് വഴി നേരത്തെയും ഈ രീതിയിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിക്കു​കയും അവരെ വിൽപനയ്ക്ക് എന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് നടപടിയെടുത്തു. സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തതിരുന്നത്. സംഭവം വിവാദമായതോടെ  ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. ഇതിന് പിന്നാലെയാണ് ബുള്ളി ഭായ് ആപ്പുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios