ഷാഹീൻബാഗ് : ബുർഖയണിഞ്ഞ് ഷാഹീൻബാഗിനുള്ളിൽ കയറിപ്പറ്റി വീഡിയോ റെക്കോർഡിങ് നടത്താൻ ശ്രമിച്ച വലതുപക്ഷ യൂട്യൂബ് ചാനൽ പ്രവർത്തകയെ അവിടെ നിന്ന് പുറത്താക്കി ഷാഹീൻബാഗിലെ പ്രതിഷേധക്കാർ. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുൻജ കപൂർ എന്നാണ് യുവതിയുടെ പേര്. 

സമരപ്പന്തലിൽ ബുർഖയണിഞ്ഞുകൊണ്ട് ചെന്നുകയറി, സമരക്കാർക്കൊപ്പം ഇരുന്ന യുവതി പതിവിൽകവിഞ്ഞ രീതിയിൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധക്കാർക്ക് സംശയം മണത്തത്. സംശയം ഏറിയതോടെ, സമരപ്പന്തലിൽ തന്നെ ചിലർ യുവതിയെ പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ചു. അതോടെ അവിടെ കൂടിയിരുന്ന സ്ത്രീകളിൽ ചിലർ തന്നെ ഈ യുവതിയുടെ ബുർഖ ഊരിമാറ്റി ദേഹപരിശോധന നടത്തുകയും ബുർഖയ്ക്കുള്ളിൽ ധരിച്ചിരുന്ന ക്യാമറ കണ്ടെടുക്കുകയുമായിരുന്നു. യുവതിയെ പിടികൂടിയത് പന്തലിൽ ഒരു സംഘർഷത്തിന് ഇടയാക്കിയെങ്കിലും, തൽക്ഷണം രംഗത്തെത്തിയ പൊലീസ് സ്ത്രീയെ സമരക്കാരുടെ കയ്യേറ്റത്തിൽ നിന്ന് രക്ഷിച്ച് അവിടെ നിന്ന് കടത്തുകയായിരുന്നു. 

"

പ്രധാനമന്ത്രി നരേന്ദ്ര മോദിയും തേജസ്വി സൂര്യയുമടക്കമുള്ള പല ബിജെപി പ്രമുഖരും ഫോളോ ചെയ്യുന്ന യൂട്യൂബ് ചാനലാണ് ഗുൻജ കപൂർ നടത്തുന്ന 'റൈറ്റ് നരേറ്റിവ്' (Right Narrative). എന്തിനാണ് സമരപ്പന്തലിലേക്ക് ക്യാമറയും കൊണ്ട് ചെന്നത് എന്ന് ചോദിച്ച മാധ്യമങ്ങളോട് കയർത്തുകൊണ്ട് ഗുൻജ കപൂർ അവിടെ നിന്നും പോവുകയാണ് ഉണ്ടായത്. 

സമരപ്പന്തലിൽ പ്രതിഷേധക്കാർക്ക് നടുവിൽ ഈ യുവതി നിൽക്കുന്നതും, പൊലീസ് സമരക്കാരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ഒക്കെ ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞയാഴ്ച ഒരു യുവാവ് ഈ സമരപ്പന്തലിനു സമീപത്തു വെച്ച് ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് വെടിപൊട്ടിച്ച സംഭവത്തിന് ശേഷം സമരപ്പന്തലിൽ ഉള്ളവർ വരുന്നവരെയും പോകുന്നവരെയും ഒക്കെ വളരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന്റെ ബഹളം അടങ്ങുന്നതിനു മുമ്പാണ് ബുർഖയ്ക്കുള്ളിൽ ക്യാമറ ഒളിപ്പിച്ച് പന്തലിലെത്തിയ ഈ വലതുപക്ഷ യൂട്യൂബർ പ്രതിഷേധക്കാരുടെ പിടിയിലാകുന്നത്.