അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇത്‌ സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി

ദില്ലി: അധികാരമേറ്റ നാൾ മുതൽ ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ പലവിധത്തിലുള്ള സൗജന്യങ്ങൾ വിവിധ വിഭാഗം ജനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകാപരമായ പല തീരുമാനങ്ങളും കൈകൊണ്ടിട്ടുള്ള കെജ്രിവാൾ സർക്കാർ ഇപ്പോഴിതാ ഒരു വമ്പൻ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന നിലയിലുള്ള പ്രഖ്യാപനമാണ് ദില്ലി സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത്. ദില്ലിയിൽ സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ ബസ് യാത്രയാണ് കെജ്രിവാൾ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇത്‌ സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഗുണകരമാകുമെന്നും കെജ്‌രിവാൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ബി ജെ പിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായി വെളിപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്ത് ​ഗൂഢാലോചന നടത്തിയാലും താൻ ഒരിക്കലും ബി ജെ പിയിൽ ചേരില്ലെന്നും, മുട്ടു മടക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. വിവിധ കേസുകളിൽ ആം ആദ്മി പാർട്ടിക്കെതിരെ ഇഡിയും ദില്ലി പോലീസും നടപടികൾ കടുപ്പിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ വെളിപ്പെടുത്തൽ. ദില്ലി മദ്യനയ കേസിലും എ എ പി എം എൽ എമാരെ ബി ജെ പി പണം നൽകി വാങ്ങാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബി ജെ പി നൽകിയ പരാതിയിലും കെജ്രിവാളിനെതിരെ അന്വേഷണ ഏജൻസികൾ നടപടികൾ കടുപ്പിക്കുകയാണ്. മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് 5 തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതിയെ ഇ ഡി പരാതി അറിയിച്ചത്. കോടതി കേസ് ബുധനാഴ്ച പരി​ഗണിക്കും. ഇതിനിടെയാണ് ദില്ലി പൊലീസും കെജ്രിവാളിനെതിരായ നീക്കം കടുപ്പിക്കുന്നത്. വിദ്യാഭ്യാസമന്ത്രി അതിഷി മർലേനയുടെ വീട്ടിലടക്കം ക്രൈംബ്രാഞ്ച് സം​ഘം എത്തിയിരുന്നു. ആരോപണത്തിൽ 3 ദിവസത്തിനകം തെളിവ് നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന പരാതി ശക്തമാകുന്നതിനിടെയാണ് ദില്ലിയിലെ ഈ നാടകീയ കാഴ്ചകൾ.