ദില്ലി: ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. 35കാരനായ മുന്നി ജെയ്റ്റ്ലിയെയാണ് ചാണക്യപുരിയിലെ താജ്പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ പൗരത്വമുള്ളയാളാണ് മുന്നി. ശനിയാഴ്ച രാവിലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിതാവ് ഫോണ്‍ വിളിച്ചിരുന്നെങ്കിലും മുന്നി പ്രതികരിച്ചിരുന്നില്ല. 

മുന്നി ജെയ്റ്റ്ലിയുടെ പിതാവ് ഹോട്ടല്‍ റിസപ്ഷനുമായി ബന്ധപ്പെട്ടു. മുന്നി ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മകന്‍റെ നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഫോണിലൂടെ ബന്ധപ്പെടാന്‍ ഹോട്ടല്‍ അധികൃതരും ശ്രമിച്ചെങ്കിലും മുന്നി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ആറാം നിലയിലെ മുന്നിയുടെ മുറിയ്ക്ക് മുന്നിലെത്തി തട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഡൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു. അബോധാവസ്ഥയില്‍ കിടക്കുന്ന മുന്നിയെ ആണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്. തുടര്‍ന്ന് മുന്നിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പ്രാഥമികാന്വേഷണത്തില്‍ കൊലപാതക സാധ്യത പൊലീസ് തള്ളി. ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ പുറത്തുനിന്ന് ആരും വെള്ളിയാഴ്ച വൈകീട്ടുമുതല്‍ ശനിയാഴ്ച രാവിലെ വരെ മുറിയില്‍ കയറിയിട്ടില്ലെന്ന് സിസിടിവി പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു. ബന്ധുക്കളും കൊലപാതകം സംശയിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

മരണത്തിന് കാരണമായത് മുന്നി കഴിച്ച എന്തെങ്കിലും മരുന്നാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. അവിവാഹിതനായ മുന്നി മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലാണ് താമസം. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്കിടെ മുന്നി ദില്ലിയിലെത്താറുണ്ട്. വ്യാഴാഴ്ചയാണ് മുന്നി ഹോട്ടല്‍ താജ് പാലസില്‍ മുറിയെടുത്തത്.