ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അഭയാർത്ഥി ക്യാമ്പിൽ പ്രവേശിച്ചെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് കന്യാകുമാരി പൊലീസ് കേസ് എടുത്തത്. ജൂനിയർ വികടൻ മാസികയിലെ റിപ്പോർട്ടർ സിന്ധു , ഫോട്ടോഗ്രാഫർ രാംകുമാർ എന്നിവർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 

മാധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുത്തത് അണ്ണാഡിഎംകെയുടെ പ്രതികാര നടപടിയാണെന്ന് ഡിഎംകെ നേതാവ്  കനിമൊഴി പ്രതികരിച്ചു. സത്യം പുറത്ത് കൊണ്ടുവരുന്നവരെ ജയിലിനുള്ളിലാക്കാനുള്ള  ശ്രമമാണ് നടക്കുന്നത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് അയക്കുമെന്നും കനിമൊഴി പറഞ്ഞു.

മാധ്യമ പ്രവർത്തകർക്ക് എതിരെ ചുമത്തിയ കേസ് ഉടൻ പിൻവലിക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താനുള്ള സർക്കാർ ശ്രമമാണ് നടക്കുന്നതെന്നും  കമൽ ഹാസൻ അഭിപ്രായപ്പെട്ടു.