ഭോപ്പാല്‍: മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കരുതെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ. രാജ്യത്തിന് പൗരത്വ നിയമ ഭേദഗതി ഒരുതരത്തിലും ഗുണകരമാവില്ലെന്നും ബിജെപിഎംഎല്‍എ നാരായണ്‍ ത്രിപാഠി പറയുന്നു. മധ്യപ്രദേശിലെ മെയ്ഹറില്‍ നിന്നുള്ള എംഎല്‍എയാണ് നാരായണ്‍ ത്രിപാഠി. രാജ്യത്തിന്‍റെ തെരുവുകളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമാണ് നിയമം സഹായിക്കൂവെന്നും ഈ ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രസര്‍ക്കാര്‍ അംബേദ്കറുടെ ഭരണഘടന പിന്തുടരാന്‍ തയ്യാറാവണം, അല്ലാത്തപക്ഷം ഭരണഘടന കീറിയെറിഞ്ഞ് കളയണം എന്നും നാരായണ്‍ ത്രിപാഠി ആവശ്യപ്പെടുന്നു. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടാണ് പൗരത്വ നിയമ ഭേദഗതിയെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു. പുരോഗതി ആവശ്യമുള്ള ഒരു രാജ്യത്തില്‍ ആഭ്യന്തര കലാപ സമാനമായ സാഹചര്യം ഉചിതമല്ല. അത്തരമൊരു സാഹചര്യം നല്ലതല്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും ത്രിപാഠി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന് രണ്ട് ആശയം പാടില്ല. ഒന്നുകില്‍ ഭരണഘടനയില്‍ അടിയുറച്ച് നില്‍ക്കണം. അല്ലെങ്കില്‍ ബിജെപി ഉയര്‍ത്തുന്ന ആശയങ്ങളെ മുറുകെ പിടിക്കണമെന്നും ത്രിപാഠി പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്നതിന്‍റെ സൂചനയല്ലെന്നും ത്രിപാഠി വ്യക്തമാക്കി. ഈ നിയമം ബിജെപിയുടെ വോട്ട് ബാങ്കിന് മാത്രമാണ് ഗുണകരമാവുക അല്ലാതെ രാജ്യത്തിനല്ല. താന്‍ ബിജെപിയില്‍ നിന്ന് മാറില്ലെന്നും ത്രിപാഠി വ്യക്തമാക്കി. ഗ്രാമങ്ങളിലെ അന്തരീക്ഷങ്ങളില്‍ കാര്യമായ തകരാര്‍ ഉണ്ടെന്നാണ് അനുഭവപ്പെടുന്നത്. നിരവധി ഹിന്ദു പുരോഹിതര്‍ ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. 

എന്‍ആര്‍സിയോടുള്ള എതിര്‍പ്പും ത്രിപാഠി വ്യക്തമാക്കി. ഗ്രാമങ്ങളിലുള്ളവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു. റേഷന്‍ കാര്‍ഡ് കിട്ടാന്‍ കഷ്ടപ്പെടുന്ന ഗ്രാമീണരോടാണ് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ത്രിപാഠി പരിഹസിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപി നിലപാടിനെതിരെ ശബ്ദമുയര്‍ത്തുന്ന ആദ്യത്തെ ബിജെപി എംഎല്‍എയല്ല ത്രിപാഠി.  മധ്യപ്രദേശിലെ ബിയോഹരി മണ്ഡലത്തിലെ എംഎല്‍എയായ ശാദര് കോള്‍ നിയമത്തെ നേരത്തെ  എതിര്‍ത്തിരുന്നു.