ബെംഗളൂരു: പൗരത്വനിയമഭേദഗതിക്കെതിരെ നഗരത്തിൽ പ്രതിഷേധം കനക്കുമ്പോൾ അതിൽ പങ്കുചേർന്ന് കടയുടമകളും. നഗരത്തിന്റെ പല ഭാഗങ്ങളിലും കടകൾ അടച്ചിട്ടിരിക്കുകയാണ്. തിരക്കേറിയ വാണിജ്യ ഏരിയകളായ ശിവാജി നഗർ, റസ്സൽമാർക്കറ്റ്, തിലക് നഗർ, ആർ ടി നഗർ തുടങ്ങിയ സ്ഥലങ്ങളിലെ ചില കടകൾ തുറന്നിട്ടില്ല. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് കടകൾ അടച്ചിട്ടതെന്നാണ് കടയുടമകൾ പറയുന്നത്.

''കടകൾ അടച്ചിടുന്നതുമൂലമുള്ള കച്ചവട നഷ്ടം സഹിക്കാൻ ഞങ്ങൾ തയ്യാറാണ്. വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതിന്റെ തെളിവ് സമർപ്പിക്കേണ്ടിവരിക എന്നത് തികച്ചും അംഗീകരിക്കാൻ കഴിയാത്തതാണ്. തങ്ങൾ മൗനം വെടിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും പ്രതിഷേധിക്കുന്നവരെ പിന്തുണക്കും" എന്നും നഗരത്തിലെ തുണിക്കടയുടമ സുധാകർ പറയുന്നു.

പൗരത്വനിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളിൽ 80000ത്തോളം പേർ പങ്കെടുത്തതായാണ് കണക്ക്. പലയിടത്തും ഗതാഗതം തിരിച്ചുവിടേണ്ടി വന്നു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും കടകൾ അടച്ചിടാനും തുടങ്ങിയതോടെ തിങ്കളാഴ്ച്ച നഗരത്തിലെ ചില സ്ഥാപനങ്ങള്‍ ഉച്ചയ്‌ക്ക് ശേഷം പ്രവർത്തിച്ചിരുന്നില്ല.