ധാരണാപത്രം ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ദില്ലി: മഹാകാളി നദിക്ക് (Mahakali River) കുറുകെ ധാര്‍ചുലയില്‍ പാലം (Bridge) നിര്‍മ്മിക്കുന്നു. പാലം നിര്‍മിക്കുന്നതിനായി ഇന്ത്യയും (India) നേപ്പാളും (Nepal) തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധാരണാപത്രം ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തുറന്ന അതിര്‍ത്തിയുള്ള അടുത്ത അയല്‍ക്കാര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധുത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ജനങ്ങള്‍ തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ സവിശേഷ ബന്ധമാണുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ദുരന്തനിവാരണ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും തുര്‍ക്ക്‌മെനിസ്ഥാനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനും കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. കസ്റ്റംസ് കാര്യങ്ങളില്‍ സഹകരണത്തിനായി ഇന്ത്യയും സ്പെയിനും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.
