ദില്ലി: ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്വത്തിന് കേന്ദ്രമന്ത്രിസഭാ അനുമതി. സ്വകാര്യ പങ്കാളിത്തം നിയന്ത്രിക്കാൻ പുതിയ സ്ഥാപനം ഉണ്ടാക്കും. ഐഎസ്ആർഓയുടെ ഭാവി ദൗത്യങ്ങളിലും സ്വകാര്യ പങ്കാളിത്തം ആലോചിക്കുമെന്നും കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് ശാസ്ത്ര സാങ്കേതികമന്ത്രി ജിതേന്ദർ സിംഗ് പറഞ്ഞു. 

ഇൻ- സ്പേസ് ( ഇന്ത്യൻ നാഷണൽ സ്പേസ്, പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍റർ , Indian National Space, Promotion & Authorisation Centre  ) ​എന്നാണ് പുതിയ ഉന്നതാധികാര സ്ഥാപനത്തിന്‍റെ പേര്. ബഹിരാകാശ വ്യവസായ രംഗത്തേക്ക് കടന്ന് വരുന്ന സ്വകാര്യ, സർക്കാർ ഇതര സ്ഥാപനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങളും ഇസ്രൊയുടെയടക്കം സംവിധാനങ്ങൾ ലഭ്യമാക്കുന്നതും ഇൻ- സ്പേസ് വഴിയായിരിക്കും. 

ഇൻ- സ്പേസിന്റെ ഘടനയെക്കുറിച്ചും, പ്രവർത്തന രീതിയെക്കുറിച്ചുമുള്ള മറ്റ് വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് ജിതേന്ദർ സിംഗ് അറിയിച്ചു. രാജ്യത്തിന്‍റെ ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രത്തിലെ സുപ്രധാന മാറ്റത്തിനാണ് തുടക്കമാകുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ സാമ്പത്തിക പരിഷ്കരണ നടപടികളിൽ വല്യ പ്രാധാന്യത്തോടെ നൽകപ്പെട്ടിരുന്നതാണ് ബഹിരാകാശ രംഗത്തെ സ്വകാര്യവത്കരണം.