എട്ട് പേർ കൊലപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് സംഘം ഇപ്പോള്‍ പരിശോധന നടത്തുകയാണ്. വീടുകള്‍ തീവെച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കളെ ബംഗാള്‍ പൊലീസ് തടഞ്ഞു.

ദില്ലി: പശ്ചിമ ബംഗാളിലെ രാംപൂര്‍ഹാട്ട് സംഘര്‍ഷത്തില്‍ (Bengal Violence) കല്‍ക്കട്ട ഹൈക്കോടതി സ്വമേധയ കേസെടുത്തു. കേസ് ഉച്ചക്ക് രണ്ട് മണിക്ക് കോടതി പരിഗണിക്കും. അതേസമയം, പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഹാട്ടിലെത്തി. എട്ട് പേർ കൊലപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് സംഘം ഇപ്പോള്‍ പരിശോധന നടത്തുകയാണ്. വീടുകള്‍ തീവെച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കളെ ബംഗാള്‍ പൊലീസ് തടഞ്ഞു.

ബിര്‍ഭൂമിലെ സംഘര്‍ഷത്തില്‍ മമത സർക്കരിനെതിരായ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍. സംഘര്‍ഷമേഖലകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്‍‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എന്നാല്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ സ്ഥലത്തേക്ക് നേതാക്കളെ പൊലീസ് പ്രവേശിപ്പിച്ചില്ല. പിന്നാലെ പൊലീസും പിബി അംഗം ബിമന്‍ ബോസും അടക്കമുള്ള പ്രതിനിധി സംഘവും തമ്മില്‍ തർ‍ക്കമുണ്ടായി

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘവും ഉടന്‍ രാംപൂര്‍ഹാട്ടിലെത്തും. വസ്തുതാ അന്വേഷണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം യുപി മുൻ ഡിജിപിയും എംപിയുമായ ബ്രജ്‍ലാലിന്‍റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ബംഗാള്‍ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഹട്ടിലെത്തി . ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് വിശ്വാസ്യതയില്ലെന്ന് ബംഗാള്‍ ഗവർണര്‍ ജഗ്ദീപ് ധാൻകര്‍ കുറ്റപ്പെടുത്തി. അതിക്രമം നടക്കുന്പോള്‍ തനിക്ക് നോക്കി നില്‍ക്കാനാകില്ലെന്നും മമതക്കുള്ള മറുപടിയായി ഗവർണര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ആറ് സ്ത്രീകളും രണ്ട് കൂട്ടികളും കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ബംഗാള്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രാലയം

സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ബംഗാൾ ബിജെപി എംപിമാർ അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് സൂചന. 

സംഭവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി സ്ഥിരീകരിച്ചു. നേരത്തെ പത്തുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘ‍ർഷം ഉണ്ടായത്. ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്.

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.