700 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ പഠിച്ച സ്ഥാപനവും കോഴ്സും വ്യാജമാണെന്നറിഞ്ഞതോടെ നാടുകടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 

ദില്ലി: കാനഡയിൽ രാജ്യം വിടാൻ നോട്ടീസ് കിട്ടിയ 700 ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പഞ്ചാബിലെ ഒരു വിദ്യാഭ്യാസ ഏജന്റിന്റെ തട്ടിപ്പിൽ കുടുങ്ങിയതാണ് ഈ വിദ്യാർത്ഥികൾക്ക് വിനയായത്. ഇവരുടെ കോളജ് അഡ്മിഷൻ വ്യാജമായിരുന്നു. എന്ന് വ്യക്തമായതിനാലാണ് കാനഡ ഡീപോർട്ടേഷൻ നോട്ടീസ് നൽകിയത്. ഇരുപതു ലക്ഷം രൂപ വരെ ഏജന്റിന് നൽകിയാണ് ഇവർ കാനഡയിൽ എത്തിയത്. അവിശ്വസനീയമായ രീതിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 2019-20 വർഷങ്ങളിൽ കാനഡയിലെത്തിയ വിദ്യാർഥികളാണ് ഇപ്പോൾ ഭീഷണി നേരിടുന്നത്. ഭൂരിപക്ഷം വിദ്യാർഥികളും പഞ്ചാബിൽ നിന്നുള്ളവരാണ്.

ബ്രിജേഷ് മിശ്ര എന്നയാളാണ് വിദ്യാർഥികളെ കബളിപ്പിച്ചത്. ടോർഡോയിലെ ഹംബർ കോളേജിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇവരെ കബളിപ്പിച്ചത്. എന്നാൽ കാനഡയിലെത്തിയപ്പോൾ ഹംബർ കോളേജിൽ സീറ്റ് മുഴുവനായെന്നും ഡിപ്ലോമ കോഴ്സിന് ചേരാമെന്നും ഇയാൾ വിദ്യാർഥികളെ വിശ്വസിപ്പിച്ചു. തുടർന്ന് രണ്ട് വർഷം ഡിപ്ലോമ കോഴ്സ് ചെയ്തു. ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം സ്ഥിര താമസത്തിന് അപേക്ഷ നൽകിയപ്പോഴാണ് ഇവർ പഠച്ച സ്ഥാപനവും കോഴ്സും വ്യാജമാണെന്ന് കണ്ടെത്തിയത്.

ഇതോടെ വിദ്യാർഥികളുടെ ​ഗതി ദുരിതത്തിലായി. കാഡന ബോർഡർ സർവീസ് ഏജൻസിയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്നാണ് വിദ്യാർഥികളോട് രാജ്യം വിടാൻ നിർദേശിച്ചത്. ഏജന്റിനെക്കുറിച്ച് ഇപ്പോൾ വിവരമില്ല. ആറ് മാസമായി ഇയാളുടെ ഓഫിസും അടഞ്ഞ് കിടക്കുകയാണ്. 16 മുതൽ 20 ലക്ഷം വരെ നൽകിയാണ് പലരും കാനഡയിൽ എത്തിയത്. ഏജന്റ് നേരത്തെ വിസ തട്ടിപ്പ് കേസിലെ പ്രതിയാണെന്നും പറയുന്നു. 

ഏജന്റിന്റെ തട്ടിപ്പിൽ പഠനം തുലാസിലായി കാനഡയിൽ 700 ഇന്ത്യൻ വിദ്യാർത്ഥികൾ| Indian Students