റാഞ്ചി: സ്ഥാനാര്‍ത്ഥികള്‍ ക്രിമിനലുകള്‍ ആണെങ്കിലും തന്‍റെ പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് ജാര്‍ഖണ്ഡിലെ ബിജെപി എം പി നിഷികാന്ത് ദുബെ. വോട്ടര്‍മാര്‍ അംഗപരിമിതരായ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്, ബിജെപി സ്ഥാനാര്‍ത്ഥി അംഗപരിമിതനോ, കള്ളനോ കൊള്ളക്കാരനോ താന്തോന്നിയോ ആകട്ടേ, നമ്മള്‍ അവരെ പിന്തുണക്കണം'' - ദുബെ പറഞ്ഞു. 

''നമുക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ,  പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരുടെ തീരുമാനങ്ങളില്‍ വിശ്വാസമുണ്ടാകണം'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ദിയോഘര്‍ ജില്ലയിലെ ജംതാര നഗരത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പ്രസ്താവന വിവാദമായതോടെ താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് ദുബെ തിരുത്തി. 

നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ അംഗപരിമിതരോ ക്രിമനലുകളോ ആണെന്ന് തോന്നിയേക്കാം. എന്നാല്‍ അമിത് ഷായും മോദിയും രഘുബര്‍ ദാസും എപ്പോഴും നല്ല സ്ഥാനാര്‍ത്ഥികളെ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂവെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം തിരുത്തി. 

വരുന്ന തെരഞ്ഞെടുപ്പിനെ ബിജെപി ഭയക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കേണ്ടതെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയും പണപ്പെരുപ്പവും അഴിമതി, കോളേജുകളും സ്കൂളുകളും അടച്ചപൂട്ടുന്നു തുടങ്ങിയതാണ്. എന്നിട്ടും ബിജെപിക്ക് വേണ്ട
ത് ഇനിയും നമ്മളെ പിഴിഞ്ഞെടുക്കാനുള്ള കള്ളന്മാരെയും കൊള്ളക്കാരെയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.