രാജസ്ഥാൻ: കഴിവുള്ള നേതാക്കൾ കോൺ​ഗ്രസ് പാർട്ടിയിൽ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്നുവെന്ന് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജസ്ഥാനിൽ കഴിഞ്ഞയിടെ സംഭവിച്ച രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസിനെതിരെ വിമർശനമുന്നയിക്കവേയാണ് സിന്ധ്യ ഇപ്രകാരം പറഞ്ഞത്. മുൻ കോൺ​ഗ്രസ് നേതാവ് കൂടിയാണ് ജ്യോതിരാദിത്യ സിന്ധ്യ. 

'കോൺഗ്രസിലെ കഴിവുള്ള നേതാക്കൾക്കെതിരേ ചോദ്യങ്ങൾ ഉയരുന്നത് വളരെ ഖേദകരമാണ്. എന്റെ മുൻ സഹപ്രവർത്തകൻ അടുത്തിടെ സമാനമായ സാഹചര്യം നേരിട്ടിരുന്നു.' സിന്ധ്യയെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 'സച്ചിൻ പൈലറ്റ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം എന്തൊക്കെ വേദനകളിലൂടെയാണ് കടന്നു പോയതെന്ന് എല്ലാവർക്കുമറിയാം. പാർട്ടിയിലെ പ്രശ്നങ്ങൾ വളരെ വൈകിയ അവസരത്തിൽ പരിഹരിക്കാൻ കോൺഗ്രസ് എങ്ങനെയാണ് ശ്രമിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും സിന്ധ്യ വ്യക്തമാക്കി.

ജൂലൈ 10 ന് 19 എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഹരിയാനയിലേക്ക് യാത്ര തിരിച്ചപ്പോൾ മുതൽ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയായിരുന്നു. ഒരുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സച്ചിൻ പൈലറ്റ് കോൺ​ഗ്രസിലേക്ക് തിരികെയെത്തിയത്. കുതിരക്കച്ചടം നടത്തി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് സച്ചിൻ പൈലറ്റ് ബിജെപിയുമായി ചേർന്ന് നടത്തിയതെന്ന് ​ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. കൂടാതെ ഉപയോ​ഗശൂന്യൻ എന്നും പൈലറ്റിനെ ​ഗെഹ്ലോട്ട് വിശേഷിപ്പിച്ചിരുന്നു. 

രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പൈലറ്റ് കോൺ​ഗ്രസിലേക്ക് തിരികെയെത്തിയത്. സച്ചിൻ പൈലറ്റ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ വിലയിരുത്താൻ മൂന്നംഗ സമിതിയേയും കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്.