ഓടിക്കൊണ്ടിരിക്കെ കാർ രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് തകർന്നു; കുട്ടി ഉൾപ്പെടെ ആറ് യാത്രക്കാർക്ക് ദാരുണാന്ത്യം
അപകടത്തിന്റെ തീവ്രതയിൽ ആറ് പേരും തൽക്ഷണം മരിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങൾ പൊളിച്ച ശേഷമാണ് മൃതദേഹങ്ങൾ പുറത്തേക്ക് എടുക്കാനായത്.
ഭുവനേശ്വർ: രണ്ട് ട്രക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം. ഒഡിഷയിലെ കെഞ്ചാർ ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയ പാത 520ൽ സഞ്ചരിക്കവെ ഛമ്പു എന്ന സ്ഥലത്തുവെച്ച് രണ്ട് ട്രക്കുകൾക്കിടയിൽ അകപ്പെട്ട് കാർ പൂർണമായും തകരുകയായിരുന്നു.
ട്രക്കിന്റെ തൊട്ടുപിന്നാലെ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അമിത വേഗത്തിൽ തൊട്ടുപിന്നാലെ വരികയായിരുന്ന കാർ, ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി. കാറിന് തൊട്ടു പിന്നാലെ അമിത വേഗത്തിൽ വരികയായിരുന്ന മറ്റൊരു ട്രക്ക് കാറിന്റെ പിന്നിലേക്കും ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്.
ഒരു കുടുംബത്തിലെ ആറ് പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിന്റെ തീവ്രതയിൽ ആറ് പേരും തൽക്ഷണം മരിച്ചു. ആറ് വയസുള്ള ഒരു പെൺകുട്ടിയും മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരിടത്ത് താമസിച്ചിരുന്ന കുടുംബം സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റിയ ശേഷമാണ് മൃതദേഹങ്ങൾ പുറത്തേക്ക് എടുക്കാൻ സാധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം