അമിത വേഗത്തിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കഷ്ണങ്ങളായി മുറിഞ്ഞു. 

ഹൈദരാബാദ്: കാര്‍ മരത്തിലിടിച്ച് (car hits Tree) ജൂനിയര്‍ ആര്‍ട്ടിസ്റ്റടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ന് ഹൈദരാബാദിലാണ് ദാരുണ സംഭവം. മരത്തിലിടിച്ച കാര്‍ രണ്ട് കഷണങ്ങളായി മുറിഞ്ഞു. ഹൈദരാബാദ് (Hyderabad) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ (Over speed) കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കഷ്ണങ്ങളായി മുറിഞ്ഞു. അബ്ദുല്‍ റഹീം എന്ന 25കാരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളും അപകടത്തില്‍ മരിച്ചു. ടിവി സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ എന്‍ മാനസ, എം മാനസ എന്നിവരാണ് മരിച്ചത്. മൂവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സായി സിദ്ധു പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സായി സിദ്ധു മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വാടകക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. സിദ്ധു, റഹീം എന്നിവരാണ് കാര്‍ വാടകക്കെടുത്തതെന്നും പൊലീസ് പറഞ്ഞു. 

Scroll to load tweet…