ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്ന ദമ്പതികളാണ് മരിച്ചത്.
ന്യൂഡൽഹി: ഡൽഹി - നോയിഡ ലിങ്ക് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു കുടുംബ ചടങ്ങ് കഴിഞ്ഞ് ടാക്സി കാറിൽ മടങ്ങി വരികയായിരുന്ന സുമൻ ധൂപ്ര (63), ഭർത്താവ് സഞ്ജിവ് ധൂപ്ര (67) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ സോളങ്കി എന്നയാളിന് ഗുരുതര പരിക്കുണ്ട്,
നോയിഡ ലിങ്ക് റോഡിൽ വെച്ച് അമിത വേഗത്തിൽ പാഞ്ഞുവരികയായിരുന്ന ഒരു ബൊലേറോ കാർ റോഡിലെ ഡിവൈഡർ മറികടന്ന്, വിപരീത ദിശയിലുള്ള റോഡിലൂടെ പോവുകയായിരുന്ന രണ്ട് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. ആദ്യം ഒരു ബലേനോ കാറിനെയും പിന്നീട് ടാക്സി വാഹനത്തെയും ഇടിച്ചു. ടാക്സി കാറിന്റെ മുകളിലേക്കാണ് ബൊലേറോ ഇടിച്ചു കയറിയത്. വാഹനത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാർ ബൊലേറോ ഉയർത്തി മാറ്റുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെയും മരണം സ്ഥിരീകരിച്ചു.
ബൊലേറോ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അപകടമുണ്ടായ ഉടൻ തന്നെ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. ഈ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഡ്രൈവർ മദ്യ ലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പരിക്കേറ്റ അൽജുൻ സോളങ്കിയുടെ ബന്ധു യോഗേഷ് പറഞ്ഞു.
