അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു

മുംബൈ: കാറിലെ അഭ്യാസ പ്രകടനത്തിനിടെ അപകടം. 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ കരാടിലെ പടാൻ-സദവാഘപൂർ റോഡ് ടേബിൾ പോയിന്‍റിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

ഘോലേശ്വർ സ്വദേശിയായ സാഹിൽ അനിൽ ജാദവ് എന്നയാൾ സുഹൃത്തുക്കളോടൊപ്പം കാറിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ തെന്നിമാറി കൊക്കയിലേക്ക് വീഴുകയായിരുന്നു. സാഹിലിന് ഗുരുതരമായി പരിക്കേറ്റു. ഇപ്പോൾ സഹ്യാദ്രി ആശുപത്രിയിൽ ചികിത്സയിലാണ്.

പത്താനിൽ നിന്ന് ഏകദേശം 3 - 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടേബിൾ പോയിന്‍റ് താഴ്‌വരകളാൽ ചുറ്റപ്പെട്ട പ്രകൃതി ഭംഗിയുള്ള ഭൂപ്രദേശമാണ്. കാഴ്ചകൾ കാണുന്നതിനും ഫോട്ടോ എടുക്കാനുമായി ഇവിടെ ദിവസവും നിരവധി വിനോദസഞ്ചാരികൾ എത്തുന്നു.

പക്ഷേ സംരക്ഷണ റെയിലിംഗുകൾ പോലുള്ള അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ഈ സ്ഥലത്ത് ഇല്ല എന്നതിനാൽ അപകട സാധ്യതാ മേഖലയാണിത്. മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ യാതൊരു സുരക്ഷാ നടപടികളും എടുത്തിട്ടില്ല. പൊലീസ് സാന്നിധ്യമില്ലാത്തതിനാൽ പ്രദേശത്ത് ചിലപ്പോഴൊക്കെ അക്രമങ്ങളും പതിവാണ്..

സുരക്ഷാ റെയിലിംഗുകളും മുന്നറിയിപ്പ് ബോർഡുകളും ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. എത്രയും വേഗം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ഗുരുതരമായ ദുരന്തങ്ങൾ ഉണ്ടാവാനിടയുണ്ടെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

Scroll to load tweet…