അഹമ്മദാബാദ്: ഗുജറാത്തിലെ ജുനഗഢില്‍ 60 അടി നീളമുളള പാലം തകര്‍ന്ന് വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ചയാണ് സംഭവം എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാഹനങ്ങള്‍ കടന്ന് പോകവെയാണ് വലിയ ശബ്ദത്തോടെ പാലത്തിന്‍റെ ഒരു ഭാഗം പൊളിഞ്ഞു   വീണത്. ഇവിടെ നിരവധി വാഹനങ്ങള്‍ കുടുങ്ങി. ഇതില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്ക് പറ്റിയത്.

സസന്‍- ഗീര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. ഗീര്‍ വന്യജീവി സങ്കേതത്തെ ജുനഗഢിലെ മെന്‍ട്രാഡാ പട്ടണവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 40 വര്‍ഷം പഴക്കമുള്ള പാലം സ്ഥിതി ചെയ്യുന്നത് മലങ്ക എന്ന ഗ്രാമത്തിലാണ്. പാലം തകര്‍ന്നതോടെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.

അതേ സമയം സമാന്തരമായ പാതകള്‍ ഇപ്പോള്‍ ഗതാഗതത്തിന് യോഗ്യമാക്കിയിട്ടുണ്ട് എന്നാണ് ജില്ല അധികാരികള്‍ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കുന്നത്. പാലം തകര്‍ന്നപ്പോള്‍ രണ്ട് കാറുകളും, മൂന്ന് ഇരുചക്ര വാഹനങ്ങളുമാണ് പാലത്തിലുണ്ടായിരുന്നത്. അപടത്തില്‍പ്പെട്ടവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശിയ വാസികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചത്.