ഉത്തർപ്രദേശ് നോയിഡയിൽ വോട്ടർപട്ടിക പരിഷ്കരണ ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തു. ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്നതിനിടെയാണ് ഈ നടപടി.
ദില്ലി: ഉത്തർപ്രദേശ് നോയിഡയിൽ വോട്ടർപട്ടിക പരിഷ്കരണ ജോലി കൃത്യമായി പൂർത്തിയാക്കാത്ത 60 ബിഎൽ ഒമാർക്കെതിരെ കേസെടുത്ത് പൊലീസ്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32 ചുമത്തി കേസെടുക്കാൻ കളക്ടറാണ് ഉത്തരവിട്ടത്. 2 വർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ജോലി സമ്മർദം താങ്ങാനാകാത്ത ബിഎൽഒമാരുടെ ആത്മഹത്യക്ക് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പ്രതിപക്ഷം വിമർശനം കടുപ്പിച്ചു.
എസ്ഐ ആർ ജോലിയിലെ സമ്മർദം കാരണം കേരളത്തിലടക്കം ബി എൽ ഒമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ രാജ്യവ്യാപകമായി ചർച്ചയാകുമ്പോഴും ഉന്നത ഉദ്യോഗസ്ഥർക്ക് കുലുക്കമില്ല. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും 7 സൂപ്പർവൈസർമാർക്കുമെതിരെ പോലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32 ചുമത്തി കേസെടുക്കാൻ കളക്ടർ മേധാ രൂപാണ് ഉത്തരവിട്ടത്. 2 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നടപടിക്കെതിരെ കടുത്ത വിമർശനമുയര്‍ന്നു.
ജോലി സമ്മർദം താങ്ങാനാകാതെ ആത്മഹത്യ, ഒരാഴ്ചക്കിടെ 6 ബി എൽ ഒമാർ
കേരളം, രാജസ്ഥാൻ, പശ്ചിമബംഗാൾ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഒരാഴ്ചക്കിടെ 6 ബിഎൽഒമാരാണ് ജോലി സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തത്. പലയിടത്തും സമയപരിധിക്കും വളരെ മുൻപേ ജോലി പൂർത്തിയാക്കാൻ സമ്മർദം ചെലുത്തുന്നതായി പരാതിയുണ്ട്. അതേസമയം ഉത്തർപ്രദേശിലെയും പശ്ചിമബംഗാളിലെയും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആ സംസ്ഥാനങ്ങളിലെ എസ്ഐ ആര്‍ നടപടികളെ്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു.
യു പിയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിച്ച മണ്ഡലങ്ങളിലെ അൻപതിനായിരം വോട്ട് വീതം റദ്ദാക്കാനാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്. ബിഎൽഒമാരുടെ ആത്മഹത്യക്ക് ഉത്തരവാദി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണെന്ന് മഹുവ മൊയിത്ര എംപി ആരോപിച്ചു. നാളെ തൃണമൂൽ കോൺഗ്രസ് ജന സെക്ര അഭിഷേക് ബാനർജിയുടെ നേതൃത്ത്വത്തിൽ യോഗം ചേർന്ന് എസ്ഐആർ നടപടിൾ വിലയിരുത്തും തുടർ പ്രതിഷേധ പരിപാടികൾ തീരുമാനിക്കും. അതേസമയം ബി എൽ ഒ മാരുടെ ആത്മഹത്യയില് സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമബംഗാളില്‍ ബിജെപി ആവശ്യപ്പെട്ടു.


