മുൻ കോൺഗ്രസ് എംഎൽഎ രമേഷ് ബാബുവിന്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസ് നടപടിക്കെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
ബംഗളൂരു: ബിജെപി നേതാവും പാര്‍ട്ടിയുടെ ഐടി സെൽ മേധാവിയുമായ അമിത് മാളവ്യക്കെതിരെ ബംഗളൂരുവിൽ കേസ്. ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തതിനാണ് മാളവ്യക്കെതിരെ കോണ്‍ഗ്രസ് നേതാവ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു. രാഹുൽ ഗാന്ധി അപകടകാരിയാണെന്നും വഞ്ചനയുടെ കളികളാണ് കളിക്കുന്നതെന്നുമാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.
മുൻ കോൺഗ്രസ് എംഎൽഎ രമേഷ് ബാബുവിന്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസ് നടപടിക്കെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് അമിത് മാളവ്യക്കെതിരെയുള്ള കേസ് എന്നാണ് ബിജെപി എംപി തേജ്വസി സൂര്യ പ്രതികരിച്ചത്. അമിത് മാളവ്യക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ രാഷ്ട്രീയ പ്രേരിതമാണെന്നും രാഹുൽ ഗാന്ധിക്കെതിരായ പ്രസ്താവനയ്ക്ക് ഐപിസി 153 എ, 505 (2) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തേജ്വസി സൂര്യയുടെ പ്രതികരണം വന്നതിന് പരിഹാസ കമന്‍റുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്ത് വന്നു. നിയമത്തെ നേരിടുമ്പോഴെല്ലാം കരയുന്ന സ്വഭാവം ബിജെപിക്കുണ്ടെന്ന് പ്രിയങ്ക് പറഞ്ഞത്. രാജ്യത്തെ നിയമം പാലിക്കുന്നതിൽ അവർക്ക് പ്രശ്നമുണ്ട്. എഫ്‌ഐആറിന്റെ ഏത് ഭാഗമാണ് ദുരുദ്ദേശ്യത്തോടെ ഫയൽ ചെയ്തതെന്ന് ബിജെപിയോട് ചോദിക്കണം. നിയമോപദേശം തേടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
അതേസമയം, ബിജെപി ഉയർത്തുന്ന രൂക്ഷ വിമർശനങ്ങൾക്കിടയിലും മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. വിമർശിക്കുന്നവർ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാൻ നോക്കുകയാണെന്നും കോൺഗ്രസ് പറയുന്നു. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് രാഹുല്‍ മണിപ്പൂരിൽ സന്ദർശനം നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

