ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ. കേന്ദ്രസർക്കാർ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. അതേസമയം, ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും കണക്കുകളിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല

ദില്ലി: ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ. കേന്ദ്രസർക്കാർ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. അതേസമയം, ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും കണക്കുകളിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നൂറുകണക്കിന് ആളുകൾക്ക് രോഗം പിടിപെട്ടതോടെയാണ് ഇൻഡോർ മലിനജല പ്രശ്നത്തെ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഇതോടെ, പ്രതിരോധ പ്രവർത്തികളും ശുചീകരണ ചികിത്സ നടപടികളും കൂടുതൽ വ്യാപിപ്പിക്കും. പകർച്ചവ്യാധി നിരോധന നിയമത്തിന്‍റെ കീഴിൽ കേന്ദ്ര സർക്കാരിന് പ്രദേശത്ത് കൂടുതൽ ഇടപെടൽ നടത്താനും സാധിക്കും. നിലവിൽ കേന്ദ്രസർക്കാർ നിയോഗിച്ച സംഘം ഇൻഡോറിൽ പരിശോധന തുടരുകയാണ്. പകർച്ചവ്യാധിയുടെ ഉറവിടം ഒരിടം മാത്രമാണോ അതോ പലയിടത്ത് നിന്നാണോ മലിനജലം ശുദ്ധജലത്തിൽ കലർന്നത് എന്നതിനെക്കുറിച്ചാണ് സംഘം ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്. ഭഗീരഥ്പുരയിലെ 32 സോണുകളായി തിരിച്ചാണ് കേന്ദ്രസംഘം പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് പുറമെ ശുചീകരണ പ്രവർത്തികളും യുദ്ധകാല അടിസ്ഥാനത്തിൽ നടക്കുന്നുണ്ട്.

കുഴൽ കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കും. ജലവിതരണം സാധാരണ നിലയിലാക്കുന്നതുവരെ ജനങ്ങൾക്ക് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും. പകർച്ചവ്യാധിയായി പ്രഖ്യാപിച്ചെങ്കിലും ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രോഗബാധിതരായവരുടെ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം 398 പേർ മാത്രമാണ് ചികിത്സ തേടിയത്. എന്നാൽ, 700ലധികം പേർ ചികിത്സ തേടിയതായാണ് പ്രദേശവാസികൾ പറയുന്നത്. മരണസംഖ്യയിലും പൊരുത്തക്കേടുകളുണ്ട്. 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പത്ത് മരണങ്ങൾ മാത്രമാണ് സർക്കാർ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ഭഗീരഥ്പുരയിലെ ഒമ്പതിനായിരത്തിലധികം പേരിൽ പരിശോധന നടത്തി. ഇതിലൂടെ 20 പുതിയ രോഗികളെ കണ്ടെത്തി. കൂടുതൽ രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.