ദില്ലി: ലോക്ക് ഡൗണ് ലംഘിച്ചതിന് പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ രണ്ടാമതും കേസെടുത്തു. 150 ഓളം വരുന്ന ആള്‍ക്കൂട്ടത്തില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തതിനാണ് രണ്ടാം തവണ കേസെടുത്തത്. മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ സുഹൃത്താണ് എംഎല്‍എ എ ജാണ്‍ കുമാര്‍. 

വീടിന് ചുറ്റുമുള്ളവര്‍ക്കുംം അയല്‍ ഗ്രാമമായ നെല്ലിത്തോപ്പിലെ ആളുകള്‍ക്കുമാണ് നിയം ലംഘിച്ച് അദ്ദേഹം സാധനങ്ങള്‍ വിതരണം ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, എപിഡെമിക്‌സ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതേ കുറ്റത്തിന് രണ്ടാം തവണയാണ് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്. 

വീടിന് മുന്നില്‍ 200 ഓളം പേര്‍ക്ക് പച്ചക്കറികള്‍ വിതരണം ചെയ്തതിനാണ് നേരത്തേ ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. അതേസമയം പുതുച്ചേരിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അനധികൃതമായി മദ്യവില്‍പ്പന നടത്തിയ 22 മദ്യശാലകളുടെ ലൈസന്‍സ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്റ് ചെയ്തു.