ഭോപ്പാല്‍: ഇന്ധന വിലവര്‍ധനവിനെതിരെ സൈക്കിള്‍ റാലി സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേസ്. സാമൂഹിക അകലം പാലിക്കാത്തിനാണ് ദിഗ് വിജയ് സിംഗിനെതിരെയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച ഭോപ്പാലിലാണ് ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഇന്ധനവില വര്‍ധനവിനെതിരെ സമരം ചെയ്തു. 

ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ കേസെടുത്ത നടപടിയെ 'സ്വാഗതം' ചെയ്യുന്നുവെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. പെട്രോള്‍ വില വര്‍ധനവിലൂടെ കമ്പനികള്‍ക്കും പമ്പുടമകള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനും മാത്രമാണ് നേട്ടമെന്നും കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. അതേസമയം, ദിഗ് വിജയ് സിംഗിന്റേത് രാഷ്ട്രീയ നാടകമാണെന്ന് ബിജെപി ആരോപിച്ചു. 

പ്രകടന പത്രികയില്‍ ഇന്ധന വില അഞ്ച് രൂപ കുറക്കുമെന്ന് പറഞ്ഞ ദിഗ് വിജയ് സിംഗ് ആദ്യം മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇന്ധന വില രണ്ട് രൂപ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാനും ജാക്വിലിനും വേണ്ടി പണം ചെലവാക്കി. കൊവിഡ് പോരാട്ടത്തിനാണ് ബിജെപി സര്‍ക്കാര്‍ പണം ചെലവാക്കുന്നതെന്നും ബിജെപി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് സംഘടിപ്പിച്ചത് സൂചിപ്പിച്ചായിരുന്നു ബിജെപിയുടെ വിമര്‍ശനം.

'ജനങ്ങള്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കൂട്ടി വിലക്കയറ്റം സൃഷ്ടിക്കുകയാണ്. ജനം പട്ടിണികൊണ്ട് മരിക്കും. തുടര്‍ച്ചയായ 18ാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്'-ദിഗ് വിജയ് സിംഗ് കുറ്റപ്പെടുത്തി. ദുരന്തത്തില്‍ നിന്ന് അവസരമുണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കൊവിഡ് ദുരന്തം പണമുണ്ടാക്കാനുള്ള മാര്‍ഗമാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.