ഇൻ​ഡോർ: 'ചൗകിദാര്‍ ചോര്‍ ഹേ' എന്നെഴുതിയ പോസ്റ്റർ ട്രെയിനിൽ പതിപ്പിച്ച രണ്ട് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ഇൻഡോർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ശാന്തി എക്പ്രസ് ട്രെയിനിലാണ് പ്രവർത്തകർ പോസ്റ്റർ സ്ഥാപിച്ചത്. ഇരുവർക്കുമെതിരെ റെയിൽവേ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ അവ നീക്കം ചെയ്തതായി പടിഞ്ഞാറൻ റെയിൽവേയിലെ പിആർഒ ജിതേന്ദ്ര കുമാർ അറിയിച്ചു. രാജ്യത്തെ പ്രധാനമന്ത്രി കള്ളനാണെന്ന് ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയാണ് തങ്ങൾ പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി എന്താണ് പറയുന്നതെന്ന് പൊതു ജനങ്ങളെ അറിയിക്കേണ്ട ബാധ്യത പാർട്ടി പ്രവർത്തകരായ തങ്ങൾക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.