ആന്ധ്രാപ്രദേശ്: ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മാധ്യമപ്രവർത്തകന്‍ വെട്ടേറ്റു മരിച്ച കേസി‍ല്‍ ആന്ധ്രാ ചീഫ് വിപ്പിനെതിരെ കേസ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും ചീഫ് വിപ്പുമായ ദാഡിസെട്ടി രാജക്കെതിരെയാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 'ആന്ധ്രജ്യോതി' പത്രത്തിന്റെ റിപ്പോര്‍ട്ടറായ സത്യനാരായണ വെട്ടേറ്റ് മരിച്ചത്.

തുനി ഗ്രാമത്തില്‍ സ്വന്തം വീടിന് നൂറ് മീറ്റര്‍ മാത്രം അകലെ വച്ചായിരുന്നു അക്രമം. ബൈക്കില്‍ എത്തിയ സംഘം സത്യനാരായണയെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ സത്യനാരായണ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

സത്യനാരായണക്കെതിരെ കഴിഞ്ഞ മാസവും ആക്രമണ ശ്രമം നടന്നിരുന്നു. എംഎല്‍എ  ദാഡിസെട്ടി രാജ സത്യനാരായണയെ  തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതായുള്ള ആരോപണങ്ങള്‍ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നെങ്കിലും അന്വേഷണങ്ങള്‍ നടന്നിരുന്നില്ല.