പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്കെതിരായ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ  പ്രിയങ്ക മറച്ചു വച്ചുവെന്ന് ബിജെപി ആരോപിച്ചു.

ദില്ലി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിക്കെതിരെ വീണ്ടും ബിജെപി. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്കെതിരായ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ പ്രിയങ്ക മറച്ചു വച്ചുവെന്ന് ബിജെപി ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അട്ടിമറിച്ചെന്നും അതിനാൽ പ്രിയങ്കയുടെ പത്രിക തള്ളണമെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്യ ആവശ്യപ്പെട്ടു. 

ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ദില്ലി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

66 കോടി രൂപയുടെ ആസ്തിയാണ് റോബര്‍ട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികൾക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി ആരോപിക്കുന്നു.

Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live