റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യം സ്വാമിക്കെതിരെ ഛത്തിസ്ഗഢ്  പൊലീസ് കേസെടുത്തു. ജഷ്പുര്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്‍റ് പവന്‍ അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് പത്താല്‍ഗാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിക്കുന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ സുബ്രഹ്മണ്യം സ്വാമി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിക്കാനാണ് സുബ്രഹ്മണ്യം സ്വാമി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഛത്തീസ്ഗഢിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സുബ്രഹ്മണ്യം സ്വാമിക്കെതിരെ പരാതി നല്‍കിയിരുന്നു.