ഡീപ് ഫേക്ക് വിവാദത്തിൽ കേസ്; ദില്ലി വനിത കമ്മീഷന്റെ പരാതിയിൽ നടപടി
സാങ്കേതികപരമായി അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന കേസ് കൂടിയാണ് ഇത്.

ദില്ലി: നടി രശ്മിക മന്ദാനയ്ക്കെതിരായ ഡീപ്ഫെയ്ക് വിഡിയോയില്‍ അന്വേഷണം ഊർജ്ജിതമാക്കി ദില്ലി പൊലീസ്. ദില്ലി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ മെറ്റയടക്കം സാമൂഹിക മാധ്യമ കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങി.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ‍് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യാജ നിര്‍മിതിയാണ് ഡീപ്ഫെയ്ക് വിഡിയോ. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിച്ചത്. സംഭവത്തിൽ ദില്ലി പൊലീസിന് വനിത കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ദില്ലി പൊലീസ് സ്പെഷല്‍ സെല്‍ കേസെടുത്തത്.
രശ്മിക മന്ദാനയ്ക്കെതിരായ വ്യാജ വിഡിയോയില്‍ ആരുടെയും അറസ്റ്റ് നടന്നിട്ടില്ലെന്നും വിഡിയോ നിര്‍മിച്ചവരെ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ സാങ്കേതിക പരിശോധന നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. വിഷയത്തിൽ കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരയാക്കപ്പെട്ടവര്‍ ഉടന്‍ പൊലീസില്‍ പരാതിപ്പെടാന്‍ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും അഭ്യര്‍ഥിച്ചിരുന്നു
ഡീപ് ഫേക്ക് വിവാദത്തിൽ കേസെടുത്ത് പൊലീസ്