പുതിയ തലമുറയ്ക്ക് അവസരം നൽകാനായി പഴയ തലമുറയിൽപ്പെട്ടവര്‍ മാറി നിൽക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇതോടെ ബിജെപിയിലെ വിരമിക്കൽ പ്രായമായ 75നെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. 

നാഗ്പൂർ: പുതിയ തലമുറയിലുള്ള ആളുകൾക്ക് അവസരം നൽകാനായി പഴയ തലമുറയിലുള്ളവര്‍ മാറി കൊടുക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടുത്ത തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും 68കാരനായ ഗഡ്കരി പറഞ്ഞു. നാഗ്പൂരിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു നിതിൻ ഗഡ്കരി ഈ ആശയം മുന്നോട്ടുവെച്ചത്.

അസോസിയേഷൻ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് (എഐഡി) പ്രസിഡന്റ് ആശിഷ് കാലെ സംഘടിപ്പിച്ച അഡ്വാന്റേജ് വിദര്‍ഭ-ഖസ്ദര്‍ ഔദ്യോഗിക് മഹോത്സവ് എന്ന പരിപാടിയിലാണ് കേന്ദ്രമന്ത്രി മനസ് തുറന്നത്. അഡ്വാന്റേജ് വിദർഭ സംരംഭത്തിൽ ആശിഷ് കാലെ യുവതലമുറയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ആശിഷിന്റെ അച്ഛൻ തന്റെ സുഹൃത്താണ്. പഴയ തലമുറയെ ക്രമേണ വിരമിപ്പിക്കുകയും ഉത്തരവാദിത്തം പുതിയ തലമുറയ്ക്ക് നൽകുകയും വേണം. വാഹനം സുഗമമായി ഓടാൻ തുടങ്ങുമ്പോൾ നമ്മൾ പിൻവാങ്ങി മറ്റെന്തെങ്കിലും ജോലി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 6 മുതൽ 8 വരെ നാഗ്പൂരിൽ നടക്കുന്ന അഡ്വാന്റേജ് വിദർഭ എക്‌സ്‌പോയുടെ മൂന്നാം വർഷമാണിതെന്ന് എഐഡിയുടെ മുഖ്യ ഉപദേഷ്ടാവായ ഗഡ്കരി പറഞ്ഞു. വിദർഭയിൽ വിവിധ മേഖലകളിലായി വളരെ മികച്ച സംരംഭകരുണ്ട്. ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ശക്തമായി വളർന്നുവരുന്ന കേന്ദ്രമായി വിദർഭയെ മാറ്റുകയെന്നതാണ് മൂന്ന് ദിവസത്തെ പരിപാടിയുടെ ലക്ഷ്യം. വികസനത്തിൽ വ്യാവസായിക മേഖല, കൃഷി, അനുബന്ധ മേഖലകൾ, സേവന മേഖല എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഡ്വാന്റേജ് വിദർഭ എക്സ്പോയിൽ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്കുകൾ, ധാതുക്കൾ, കൽക്കരി, വ്യോമയാനം, ലോജിസ്റ്റിക്സ്, ഐടി, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജ്ജം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികള്‍ പങ്കെടുക്കും.

ബിജെപിയിലെ വിരമിക്കൽ പ്രായപരിധി

2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബിജെപിയിലെ അനൗദ്യോഗിക വിരമിക്കൽ പ്രായപരിധിയായ 75 വയസ് തികഞ്ഞിരുന്നു. നാഗ്പൂരിലെ ആസ്ഥാനത്ത് വെച്ച് ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് 75 വയസ് പ്രായപരിധിയെ കുറിച്ച് സംസാരിച്ചിരുന്നു. 75 വയസ് തികയുമ്പോൾ ഷാൾ നൽകി ആദരിക്കുമ്പോൾ അതിനര്‍ത്ഥം പ്രായമായെന്നാണെന്നും മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്നുമാണെന്ന പിംഗ്ലെയുടെ വാക്കുകൾ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മോഹൻ ഭാഗവതിന്റെ പരോക്ഷ പ്രതികരണം. ഇതിനെ കോൺഗ്രസ് അന്ന് മോദിയ്ക്ക് എതിരെ ആയുധമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോഹൻ ഭാഗവതിനും പ്രായം 75 തികഞ്ഞിട്ടുണ്ട്.